Connect with us

Editorial

സോണിയാ ഗാന്ധിയുടെ പഞ്ച നിര്‍ദേശങ്ങള്‍

Published

|

Last Updated

രാജ്യം ഒന്നടങ്കം കൊവിഡ് 19 വൈറസിനെ തുരത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പൊതുവെ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയുമായി ഞെരുങ്ങി ഇഴഞ്ഞു മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാറിനു മുമ്പില്‍ പുതിയൊരു സാമ്പത്തിക ബാധ്യത കൂടിയാണ് ഇതോടെ വന്നു ചേര്‍ന്നിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് വെട്ടിക്കുറക്കുന്നതുള്‍പ്പെടെ കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ചെലവ് ചുരുക്കല്‍ പദ്ധതിക്ക് അഞ്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണ പദ്ധതിയും ഭരണതലസ്ഥാനത്തിന്റെ സൗന്ദര്യവത്കരണവും നിര്‍ത്തിവെക്കുകയും ആ തുക ആശുപത്രികളുടെ നിര്‍മാണത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുക, ശമ്പളം, പെന്‍ഷന്‍, കേന്ദ്ര പദ്ധതികള്‍ എന്നിവയൊഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ചെലവില്‍ 30 ശതമാനം കുറക്കുകയും ഇതിലൂടെ പ്രതിവര്‍ഷം ലാഭിക്കുന്ന തുക കുടിയേറ്റ തൊഴിലാളികള്‍, കൃഷിക്കാര്‍, അസംഘടിത മേഖലയിലുള്ളവര്‍ എന്നിവര്‍ക്കായി സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിനായി നീക്കിവെക്കുകയും ചെയ്യുക, രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരുള്‍പ്പെടെ ഭരണ മേധാവികളുടെ എല്ലാ വിദേശ സന്ദര്‍ശനങ്ങളും നിര്‍ത്തിവെക്കുകയും രാജ്യത്തിന്റെ വിശാല ആവശ്യം മുന്‍നിര്‍ത്തിയുള്ള അത്യാവശ്യ യാത്രകള്‍ അനുവദിക്കുകയും ചെയ്യുക, പി എം കെയേഴ്‌സ് ഫണ്ടിന് കീഴിലുള്ള എല്ലാ പണവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയും ദേശീയ ദുരിതാശ്വാസ നിധിയില്‍ ബാക്കിയുണ്ടായിരുന്ന 3,800 കോടി രൂപയും പി എം കെയേഴ്‌സ് ഫണ്ടിന് കീഴിലുള്ള തുകയും സംയോജിപ്പിക്കുകയും ചെയ്യുക, സര്‍ക്കാറും പൊതുമേഖലാ സ്ഥാപനങ്ങളും രണ്ട് വര്‍ഷത്തേക്ക് പൊതുജന ആരോഗ്യ സംബന്ധമായതൊഴികെയുള്ള മാധ്യമ പരസ്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ചെലവ് ചുരുക്കലിന് കോണ്‍ഗ്രസ് അധ്യക്ഷ മുന്നോട്ടു വെച്ച മാര്‍ഗങ്ങള്‍. കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ആരാഞ്ഞിരുന്നു.

ഏറെക്കുറെ സ്വാഗതാര്‍ഹമാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍. രാജ്യത്ത് ദിനംപ്രതി കൊവിഡ് 19 കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ജനങ്ങളെ തന്നെ പിഴിയുന്ന പ്രവണത ശരിയല്ല. ഭരണതലത്തില്‍ കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ച് ചെലവ് ചുരുക്കുകയാണ് വേണ്ടത്. കൊവിഡ് പ്രതിരോധത്തിനു ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങളും ഉത്തരവുകളും തീരുമാനങ്ങളും ജനം പൂര്‍ണമായി അനുസരിക്കവെ ഇതിന് ആനുപാതികമായുള്ള പ്രതിബദ്ധതയും കൂറും ജനത്തിനു തിരികെ നല്‍കാനുള്ള ബാധ്യത നിയമ നിര്‍മാണ സഭക്കും ഭരണ കൂടത്തിനുമുണ്ട്.

സര്‍ക്കാറിന്റെ മുന്നിലുള്ള വന്‍ പദ്ധതികളില്‍ തികച്ചും അനിവാര്യമായത് മാത്രം ഇപ്പോള്‍ നടപ്പാക്കുകയും മറ്റുള്ളവ രാജ്യം സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷമുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കുകയും ചെയ്താല്‍ നല്ലൊരു തുക ലാഭിക്കാനാകും. അത്ര അടിയന്തരമല്ലാത്ത പദ്ധതികളിലൊന്നാണ് പുതിയ പാര്‍ലിമെന്റ് കെട്ടിടം ഉള്‍പ്പെടെ രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മിക്കാനുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതി. 92 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ പണിത നിലവിലെ പാര്‍ലിമെന്റ് മന്ദിരത്തിന് ബലക്ഷയമോ കേടുപാടുകളോ ഇല്ല. ഏറെ ചരിത്ര പ്രാധാന്യമുള്ള ആ പഴയ കെട്ടിടങ്ങളില്‍ തന്നെ നിയമനിര്‍മാണ സഭകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. ഭരണ തലസ്ഥാന സൗന്ദര്യവത്കരണവും അനിവാര്യമായ ഒരു പദ്ധതിയല്ല. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ അനുചിതവുമാണ്. മഹാമാരിയെ നേരിടാന്‍ എല്ലാ വിഭവങ്ങളും സമാഹരിക്കേണ്ട ഘട്ടത്തില്‍ 2,000 കോടിയുടെ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്‌കാരിക നേതാക്കളും രംഗത്തു വന്നിട്ടുണ്ട്.

ഭരണ മേധാവികളുടെയും ബ്യൂറോക്രാറ്റുകളുടെയും വിദേശ യാത്രകള്‍ക്ക് സഹസ്ര കോടികളാണ് പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നത്. 2018 ഡിസംബറില്‍ രാജ്യസഭയില്‍ അന്നത്തെ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് വെളിപ്പെടുത്തിയതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ മൂന്ന് വരെയുള്ള നാലര വര്‍ഷത്തിനിടയിലെ വിദേശ യാത്രക്ക് ചെലവായത് 2,000 കോടിയിലേറെ രൂപയാണ്. 393 കോടിയാണ് മറ്റു മന്ത്രിമാരുടെ വിദേശ യാത്രക്കായി വിനിയോഗിച്ചത്. രാജ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ളതോ അനിവാര്യമായതോ അല്ല ഈ യാത്രകളില്‍ ഏറെയും. ഭരണത്തലപ്പത്തുള്ളവരുടെ വിദേശ യാത്രകള്‍ രാജ്യത്തിന്റെ വിശാല ആവശ്യം മുന്‍നിര്‍ത്തിയുള്ള അനിവാര്യ കാര്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയാല്‍ ഈ തുകയുടെ 90 ശതമാനവും ലാഭിക്കാനാകും.

രാജ്യത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് നിലവില്‍ വന്നതാണ് പി എം കെയേഴ്‌സ് ഫണ്ട്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി എന്‍ ആര്‍ എഫ് നിലവിലുള്ളപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു പുതിയ നിധി ഏര്‍പ്പെടുത്തിയതെന്നറിയില്ല. പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പി എന്‍ ആര്‍ എഫ് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. രണ്ടിന്റെയും ചുമതല പ്രധാനമന്ത്രിയുടെ കരങ്ങളില്‍ നിക്ഷിപ്തവുമാണ്. 2019 സാമ്പത്തിക വര്‍ഷം പി എന്‍ ആര്‍ എഫില്‍ 3,800 കോടി രൂപ ശേഷിപ്പുമുണ്ട്. ശമ്പളം, പെന്‍ഷന്‍, കേന്ദ്ര പദ്ധതികള്‍ എന്നിവയൊഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ചെലവില്‍ 30 ശതമാനം കുറച്ചാല്‍ പ്രതിവര്‍ഷം ലഭിക്കുന്ന 2.5 ലക്ഷം കോടി രൂപ അതിഥി, അസംഘടിത തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്താമെന്നാണ് സോണിയ ചൂണ്ടിക്കാട്ടുന്നത്. ഈ വെട്ടിക്കുറവ് പക്ഷേ പദ്ധതിപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത് രാജ്യത്തിന്റെ വികസന മുന്നേറ്റത്തെ ബാധിക്കും. സങ്കുചിത രാഷ്ട്രീയം മാറ്റിവെച്ച് രാജ്യത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കു വിഷയീഭവിക്കേണ്ടതുണ്ട് സോണിയയുടെ നിര്‍ദേശങ്ങള്‍.

Latest