Connect with us

Kerala

സര്‍വിസിലേക്ക് തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രം; നിരസിച്ച് കണ്ണന്‍ ഗോപിനാഥന്‍

Published

|

Last Updated

തിരുവനന്തപുരം | രാജിവെച്ച കണ്ണന്‍ ഗോപിനാഥനോട് തിരികെ സിവില്‍ സര്‍വിസില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്. അതേ സമയം കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം കണ്ണന്‍ ഗോപിനാഥന്‍ തള്ളി. ആവശ്യം നിരസിക്കുന്നതായും ഐഎഎസ് ഓഫിസര്‍ എന്ന പദവി ഇല്ലാതെ തന്നെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതുന്നില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. സര്‍വിസില്‍ പ്രവേശിപ്പിച്ച് പീഡിപ്പിക്കുകയാകാം ലക്ഷ്യം. കോവിഡ് കാലത്തെ സേവനമാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ ആ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കോവിഡുമായി ബന്ധപ്പെട്ട് എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കാന്‍ തയാറാണ്. എന്നാല്‍, സര്‍വിസിലേക്ക് തിരികെ പ്രവേശിക്കുക എന്നതുണ്ടാകില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് . ജോലി ചെയ്തതിന്റെ ശമ്പളം ഇനിയും ലഭിക്കാനുണ്ട്. രാജിവെച്ച് എട്ട് മാസം കഴിഞ്ഞ് ഇപ്പോഴുള്ള കേന്ദ്രത്തിന്റെ തിരിച്ച് വിളിക്കല്‍ ആത്മാര്‍ഥതയോടെയല്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

2012 ബാച്ചിലെ മലയാളി ഐ എ എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് സര്‍വിസില്‍ നിന്ന് രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.