Connect with us

Covid19

പ്രവാസികളുടെ ആശങ്ക പരിഹരിക്കണം: പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കാന്തപുരം കത്തയച്ചു

Published

|

Last Updated

കോഴിക്കോട് | വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കർ എന്നിവർക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.

നമ്മുടെ രാജ്യത്തിന്റെ വികസനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നവരാണ് പ്രവാസികൾ. അവർ ആശങ്കയിലേക്കു നീങ്ങുന്ന സാഹചര്യമുണ്ട്. പ്രവാസികളിൽ പലരും ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും പത്തും പതിനഞ്ചും പേര് ഒരു റൂമിൽ താമസിക്കുന്ന അവസ്ഥയും ഗൾഫ് നാടുകളിൽ ഉണ്ട്. ഗൾഫ് രാജ്യങ്ങളിലെയെല്ലാം  ഗവൺമെന്റുകൾ വളരെ ശ്രദ്ധയോടെ  ഇടപെടുന്നുണ്ട് എങ്കിലും, കൊറോണ ലോകമാകെ പരക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നമ്മുടെ രാജ്യത്ത്  ലഭിക്കുന്ന പോലെ  സുരക്ഷിതമായ സാഹചര്യം വിദേശത്തും കിട്ടുന്നുണ്ട് എന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.

ഇന്ത്യയിൽ നിന്നുള്ള  പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു ആവശ്യമായ ആരോഗ്യ പരിശോധനക്ക് സർക്കാർ മുൻകൈ എടുക്കണം. ലോക് ഡൌൺ കഴിഞ്ഞ ഉടനെ ഗൾഫ് രാജ്യങ്ങളിൽ നിന്ന്  നാട്ടിലേക്കു മടങ്ങാൻ താല്പര്യപ്പെടുന്നവർക്ക് പരിശോധനകൾക്ക് ശേഷം പ്രത്യേക വിമാനം ഏർപ്പെടുത്തി അതിനുള്ള സൗകര്യം ഏർപ്പെടുത്തണം. കൃത്യമായ ടെസ്റ്റ് നടത്തി സുരക്ഷിതമായ കുറന്റൈൻ ഏർപ്പെടുത്തിയാൽ അങ്ങനെ നമ്മുടെ പൗരന്മാർക്ക് തിരിച്ചുവരാൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കാം-കാന്തപുരം പറഞ്ഞു.

പ്രവാസികൾക്കു താമസയിടങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കൽ, ആവശ്യമായ മരുന്നുകൾ നൽകൽ, രോഗ പ്രതിരോധത്തിന് സഹായിക്കുന്ന ഹാൻഡ് സാനിറ്റൈസർ, മാസ്ക് എത്തിക്കൽ തുടങ്ങിയവയെല്ലാം സർക്കാറിന്റെ സജീവ ശ്രദ്ധയുണ്ടാവണം: കാന്തപുരം കത്തിൽ അഭ്യർഥിച്ചു.

Latest