Connect with us

Covid19

ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടതിനാല്‍ കോഴിക്കോട് ലോക്ക്ഡൗണ്‍ തുടരേണ്ടി വരും: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലാവധി കഴിഞ്ഞാലും കോഴിക്കോട്ട് നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ചില വിഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് വരുത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്ക് അടുത്ത മന്ത്രിസഭാ യോഗത്തില്‍ വ്യക്തയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. മാഹി, വയനാട് അടക്കമുള്ള ജില്ലാ അതിര്‍ത്തികളില്‍ നിന്ന് പ്രധാന റോഡുകളിലൂടെയല്ലാതെ കര്‍ണാടകയില്‍ നിന്നടക്കം ആളുകള്‍ കാല്‍നടയായി ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടങ്ങളില്‍ പോലിസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടി നില്‍ക്കുന്നതും ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

പൂഴ്ത്തിവയ്പ്, അമിത വില ഈടാക്കല്‍ എന്നിവ തടയുന്നതിന് വ്യാപാര സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകളുടെ പരിശോധന ദിവസവും നടക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും പരിശോധന കര്‍ശനമാക്കും ചെയ്യും. വ്യാജവാറ്റ് നിര്‍മാണത്തിനെതിരെ എക്‌സൈസും പോലീസും പരിശോധന ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇത് ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററിന് ആവശ്യം വരുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തിയതായും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒളവണ്ണ ഗ്രാമപഞ്ചായത്ത് നല്‍കിയ 50 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് മന്ത്രി സ്വീകരിച്ചു. യോഗത്തില്‍ കലക്ടര്‍ സാംബശിവ റാവു, സിറ്റി പോലീസ് കമ്മിഷണര്‍ എ വി ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

Latest