Connect with us

Covid19

വിദ്യാര്‍ഥിനിയുടെ വീടിനു നേരെ ആക്രമണം; ആറ് സി പി എം പ്രവര്‍ത്തകരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു

Published

|

Last Updated

പത്തനംതിട്ട | തണ്ണിത്തോട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേര്‍ക്ക് കല്ലേറും അക്രമണവും നടത്തിയ സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നടപടി. പാര്‍ട്ടി അംഗങ്ങളായ രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സന്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ഇതുപോലുള്ള കാര്യങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പ്രതികരിച്ച മുഖ്യമന്ത്രി, അക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും സമൂഹത്തിന് ചേരാത്ത ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അങ്ങേയ്യറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്ന് സി പി എം ജില്ലാ കമ്മിറ്റി വിലയിരുത്തി.

കഴിഞ്ഞ മാര്‍ച്ച് 17നാണ് പെണ്‍കുട്ടി കോയമ്പത്തൂരില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. പുറത്തിറങ്ങി നടക്കുന്നു എന്നാരോപിച്ച് തന്റെ പിതാവിനെതിരെ വധഭീഷണിയുയര്‍ന്നിട്ടുണ്ടെന്നും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് സി പി എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ബൈക്കിലെത്തി വിദ്യാര്‍ഥിനിയുടെ വീടിന് നേരേ കല്ലേറും ആക്രമണവും നടത്തിയത്. സംഭവത്തില്‍ തണ്ണിത്തോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.