Connect with us

Kerala

കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് മര്‍ദിച്ചു; നടപടിയെടുക്കുമെന്ന് മന്ത്രി

Published

|

Last Updated

അരിമ്പൂര്‍ (തൃശൂര്‍) | ചാലാടി കോള്‍പ്പാടത്തു നിന്നും കൊയ്ത്തു കഴിഞ്ഞു മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. തമിഴ്‌നാട് സേലം സ്വദേശികളായ ശക്തി (28), കുമരേശന്‍ (22), വെങ്കിടേഷ് എന്നിവരെയാണ് അരിമ്പൂരില്‍ റോഡരുകില്‍ ചെക്കിംഗ് നടത്തിയിരുന്ന വലപ്പാട് കണ്‍ട്രോള്‍ റൂമിലെ പോലീസ് മര്‍ദിച്ചത്. എ എസ് ഐ. വിക്രമന്‍, സി പി ഒ. മിഥുന്‍ എന്നിവരാണ് തൊഴിലാളികളെ മര്‍ദിച്ചതായി പറയുന്നത്. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.

രണ്ടു ബൈക്കുകളിലായി കൊയ്ത്തു കഴിഞ്ഞ് മടങ്ങിയിരുന്ന തൊഴിലാളികള്‍ ഒരു ബൈക്ക് പഞ്ചറായതോടെ ഒരാള്‍ ഇറങ്ങി രണ്ടു പേര്‍ വന്നിരുന്ന മറ്റൊരു ബൈക്കില്‍ കയറി. മൂന്നു പേരെ ബൈക്കില്‍ കണ്ടതോടെ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തി കാര്യം തിരക്കി. സത്യവാങ്മൂലം ഇവരുടെ കൈവശം ഉണ്ടായിരുന്നെങ്കിലും പോലീസ് ചോദിച്ചില്ല. കൊയ്ത്തു കഴിഞ്ഞു വരികയാണെന്നു പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാതെ ഇവരെ മര്‍ദിക്കുകയായിരുന്നു. ഒരാളുടെ കൈക്കും, പിറകുവശത്തും മര്‍ദനമേറ്റ പാടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാത്രി തൊഴിലാളികള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് അന്തിക്കാട് എസ് ഐ. കെ ജെ ജിനേഷ് സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിക്കുകയും കൂടിനിന്നവരെ പിരിച്ചു വിടുകയും ചെയ്തു.

അരിമ്പൂര്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് കീഴിലായി നൂറ്റിയമ്പതിലധികം തൊഴിലാളികള്‍ കൊയ്ത്തുമായി ബന്ധപ്പെട്ട് ചേര്‍പ്പ്, ചേനം, അരിമ്പൂര്‍, വെങ്കിടങ്ങ് പടവുകളിലുണ്ട്. അരിമ്പൂര്‍ പടവില്‍ മാത്രം അമ്പതിലധികം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. ഇവരില്‍ ഡ്രൈവര്‍മാര്‍ മാത്രമാണ് മലയാളികളായിട്ടുള്ളത്.
തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റതോടെ തൊഴില്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട് എല്ലാ പടവിലെയും തൊഴിലാളികള്‍ പണി നിര്‍ത്തിവെച്ച് സമരം തുടങ്ങി. അന്തിക്കാട് സി ഐ. പി കെ മനോജ് കുമാര്‍, എസ് ഐ. കെ ജെ ജിനേഷ് എന്നിവര്‍ തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. വിവരമറിഞ്ഞ് മന്ത്രി എ സി മൊയ്തീന്‍, ചീഫ് വിപ്പ് കെ രാജന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, മുരളി പെരുനെല്ലി എം എല്‍ എ എന്നിവര്‍ സ്ഥലത്തെത്തി പ്രത്യേക യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തു.

മര്‍ദനമേറ്റ തൊഴിലാളികളെ മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശ്വസിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. തൃശൂര്‍ എസ് പി. കെ പി വിജയകുമാരന്‍, ഡി വൈ എസ്പിമാരായ ഫേമസ് വര്‍ഗീസ്, എം കെ ഗോപാലകൃഷ്ണന്‍, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തൊഴിലാളികളെ പോലീസ് മര്‍ദിച്ചതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഖേദവും പ്രതിഷേധവും രേഖപ്പെടുത്തി. കൃത്യത്തില്‍ പങ്കുള്ള പോലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest