Connect with us

Editorial

ട്രംപിന് കീഴൊതുങ്ങരുതായിരുന്നു

Published

|

Last Updated

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി നിരോധനം എടുത്തുകളഞ്ഞ കേന്ദ്ര നടപടി വിവാദമായിരിക്കുകയാണ്. കഴിഞ്ഞ മാസം 25 മുതല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വിദേശ വ്യാപാര വിഭാഗം (ഡി ജി എഫ് ടി) ഏതാനും ജീവന്‍ രക്ഷാ ഔഷധങ്ങളുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതില്‍ 14 മരുന്നുകളുടെ കയറ്റുമതി പുനരാരംഭിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഹൈഡ്രോക്‌സിക്ലോറോക്വിന്റെയും പാരസെറ്റാമോളിന്റെയും നിയന്ത്രണം നീക്കിയിരുന്നില്ല. നിരോധനം നീക്കി കയറ്റുമതിക്ക് അനുമതി നല്‍കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ആവശ്യത്തിനു തികയാതെ വരുമെന്ന ആശങ്കയായിരുന്നു കാരണം. ഇതില്‍ കുപിതനായ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ,് ഹൈഡ്രോക്ലോറോക്വിന്‍ ഇന്ത്യ വിട്ടു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണി മുഴക്കി.

ഇതിനു പിന്നാലെയാണ് ഈ മരുന്നുകളുടെയും കയറ്റുമതി നിരോധനം നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ട്രംപിന്റെ ഭീഷണിക്ക് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്ത്യയെക്കുറിച്ച് അമേരിക്കയുടെ സുഹൃത്തെന്നാണ് ട്രംപ് പലപ്പോഴും പറയാറുള്ളത്. ഈ വര്‍ഷമാദ്യം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമേരിക്കയുടെ സമഗ്ര ആഗോള പങ്കാളിയെന്നായിരുന്നു ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഒരു സുഹൃദ്‌രാഷ്ട്രത്തോട് ഭരണത്തലവന്മാര്‍ സംസാരിക്കേണ്ടതും സഹായം ആവശ്യപ്പെടേണ്ടതും ഭീഷണിയുടെ സ്വരത്തിലല്ല, മാന്യമായ ഭാഷയിലാണ്. നയതന്ത്ര സ്വരത്തിന് പകരം ട്രംപ് ചട്ടമ്പിത്തരം പ്രകടിപ്പിച്ചതാണ് വിമര്‍ശനത്തിന് ഹേതുവായത്. ട്രംപിന്റെ പ്രസ്താവന തനി ധാര്‍ഷ്ട്യമാണെന്നും അതിനു മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കരുതായിരുന്നുവെന്നുമാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇതിനോടുള്ള പ്രതികരണം. സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് ഇന്ത്യക്കാരുടെ ചികിത്സക്കാണ്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞത് ഇന്ത്യയില്‍ ഈ മരുന്നുകളുടെ ക്ഷാമത്തിനിടയാക്കുമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയവരും ട്രംപിന്റെ മുമ്പില്‍ മുട്ടുമടക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. തന്റെ ഇത്രയും നാളത്തെ ലോക രാഷ്ട്രീയ പരിചയത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ഇവ്വിധം ചട്ടമ്പിത്തരം പ്രകടിപ്പിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത്.
മലേറിയ ചികിത്സക്കുള്ള മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിനെങ്കിലും കൊവിഡ് 19ന് ഇതുവരെ മരുന്ന് വികസിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതാണിപ്പോള്‍ പല രാജ്യങ്ങളും നല്‍കി വരുന്നത്.

ഇന്ത്യയിലാണ് ആദ്യമായി കൊവിഡിന് ഈ മരുന്ന് നല്‍കിത്തുടങ്ങിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ സി എം ആര്‍) ന്റെ ശിപാര്‍ശ പ്രകാരമായിരുന്നു ഇത്. ഡ്രഗ് കണ്‍ട്രോളര്‍ അതിനു അനുമതിയും നല്‍കി. ഇതോടെയാണ് ഈ മരുന്നിന്റെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ലോകത്ത് ഹൈഡ്രോക്‌സിക്ലോറോക്വിനും പാരസെറ്റാ മോളും ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. അമേരിക്ക ഉപയോഗിക്കുന്നതില്‍ പകുതിയോളവും ഇന്ത്യയില്‍ നിന്നുള്ള ഈ മരുന്നുകളാണ്. കൊവിഡ് 19 ന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന ഈ മരുന്ന് അമേരിക്കക്ക് ഇപ്പോള്‍ അനിവാര്യവുമാണ്. കഴിഞ്ഞ മാസം അമേരിക്ക അടക്കം 20 രാജ്യങ്ങള്‍ ഈ മരുന്നുകള്‍ക്ക് വന്‍തോതില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം അമേരിക്കയില്‍ വന്‍തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കെ ഇത് ലഭിക്കാതെ വന്നാല്‍ കാര്യം കൂടുതല്‍ അവതാളത്തിലാകും. ഇതായിരിക്കണം ട്രംപിന്റെ സമനില നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയല്ല, മാനുഷിക വശം പരിഗണിച്ചാണ് കയറ്റുമതി നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. സാംക്രമിക രോഗം ഭീതിദമാം വിധം പടരുകയും ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുകയും ചെയ്യുമ്പോള്‍ മരുന്നുകള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയെ ആശ്രയിക്കുന്നവരോട് അത് നല്‍കില്ലെന്നു പറയുന്നത് മനുഷ്യത്വപരമല്ല. കൊവിഡ് രോഗത്തിന്റെ മാരക സ്വഭാവം കണക്കിലെടുത്ത് അതിനെതിരെ അന്താരാഷ്ട്ര സമൂഹം ഐക്യവും സഹകരണവും പ്രകടിപ്പിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയതുമാണ്. രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി രണ്ട് കോടി നാല്‍പത് ലക്ഷം ഗുളികകളുടെ സ്റ്റോക്ക് കരുതണമെന്ന നിബന്ധനയോടെയാണ് കയറ്റുമതിക്ക് അനുമതി നല്‍കിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, മറ്റു രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്തി മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈവശപ്പെടുത്തുന്ന അമേരിക്ക, അവിടെ ഉത്പാദിപ്പിക്കുന്ന സുരക്ഷാവസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കളുടെ കയറ്റുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ 1950ലെ ഡിഫന്‍സ് പ്രൊ ഡക‌്ഷന്‍ നിയമം നടപ്പാക്കിയിരിക്കുകയാണ് യു എസില്‍. സുരക്ഷാ വസ്ത്രങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് അനുവാദം നല്‍കുന്നതാണ് ഈ നിയമം. ഇതടിസ്ഥാനത്തില്‍ കാനഡയിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്ന 30 ലക്ഷം എന്‍ 95 മാസ്‌കുകള്‍ യു എസ് അധികൃതര്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചു. മാസ്‌കുകള്‍ കാനഡയിലെ ജനസാന്ദ്രതയേറിയ ഒന്റേറിയോ പ്രവിശ്യയിലേക്ക് കയറ്റിയയക്കാന്‍ തയ്യാറെടുക്കവെയാണ് തടഞ്ഞത്.

ഒന്റേറിയോയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌കുകള്‍ നിലവില്‍ ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. മാസ്‌കുകള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, ഇപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന മാസ്‌കുകളെല്ലാം തങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെന്നും ഇതടിസ്ഥാനത്തിലാണ് ഡിഫന്‍സ് പ്രൊഡക‌്‌ഷന്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നുമാണ് യു എസ് നടപടിയെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇതേ വായകൊണ്ടു തന്നെയാണ് ഇന്ത്യ ആഭ്യന്തര ആവശ്യത്തിനു വേണ്ടി മരുന്നു കയറ്റുമതി നിരോധിച്ചപ്പോള്‍, തിരിച്ചടിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഈ ഇരട്ടത്താപ്പും ധാര്‍ഷ്ട്യവുമാണ് അംഗീകരിക്കാനാകാത്തത്. മാനുഷിക ബോധം ഇരുഭാഗത്തും വേണമല്ലോ. മോദി ട്രംപിനോളം തരം താഴേണ്ടതില്ലെങ്കിലും അയാളുടെ ഭീഷണിക്ക് ചുട്ടമറുപടി കൊടുക്കാനുള്ള ആര്‍ജവമെങ്കിലും കാണിക്കണമായിരുന്നു.

Latest