Connect with us

Covid19

കൊവിഡിനെ രാഷ്ട്രീയവത്ക്കരിക്കരുത്, എല്ലാ രാജ്യങ്ങളെയും കാണുന്നത് ഒരുപോലെ: ഡബ്ല്യു എച്ച് ഒ

Published

|

Last Updated

ജനീവ | ലോകത്ത് അതിഭീകരമായ നിലയില്‍ പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തിനു തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്നും ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രയെസസ് പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന അമേരിക്കയെ സഹായിക്കുന്നില്ലെന്നും ചൈനയോട് പക്ഷപാതിത്വം കാണിച്ചെന്നുമുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഗെബ്രയെസസ്. നിലപാടില്‍ പ്രതിഷേധിച്ച്‌ ഡബ്ല്യു എച്ച് ഒക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കുന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ദയവായി കൊവിഡ് രാഷ്ട്രീയത്തെ ക്വാറന്റൈന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഗെബ്രയെസസ് എല്ലാ രാജ്യങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും അമേരിക്കയും ചൈനയും തമ്മില്‍ ആത്മാര്‍ഥമായ ഐക്യമുണ്ടാക്കുകയാണ് ആവശ്യമെന്നും പറഞ്ഞു. മഹാമാരിയില്‍ നിന്ന് കരകയറാന്‍ ലോകത്ത് ഏറ്റവും ശക്തരായവര്‍ തന്നെ വഴി കാണിച്ചു കൊടുക്കണം. അമേരിക്കയില്‍ നിന്ന് തുടര്‍ന്നും സാമ്പത്തിക സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗെബ്രയെസസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Latest