Connect with us

Covid19

ലോക്ഡൗണ്‍ നീട്ടേണ്ടിവരും; അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യം സൃഷ്ടിച്ചതായും സാമൂഹിക അകലം പാലിക്കാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭാഷണത്തിന്റെ ചോര്‍ന്നുകിട്ടിയ ഓഡിയോ ക്ലിപ്പ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

“ഞാന്‍ മുഖ്യമന്ത്രിമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവരില്‍ നിന്നും ജില്ലാ മജിസ്ട്രേറ്റുമാരില്‍ നിന്നും ലഭിക്കുന്ന ഏകകണ്ഠമായ അഭിപ്രായം ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് ഉയര്‍ത്തുന്നത് ഉചിതമല്ലെന്നാണ്. മുഖ്യമന്ത്രിമാരുമായി വീണ്ടും സംസാരിക്കും. എന്നാല്‍ ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് ഉയര്‍ത്തുന്നത് സാധ്യമല്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ കടുത്ത നടപടികള്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും” – ഓഡിയോയില്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

കാലാകാലങ്ങളില്‍ അഭൂതപൂര്‍വമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ച ഒരു സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരം നടപടികളോടുള്ള നിങ്ങളുടെ പ്രതികരണം ദേശീയ താത്പര്യം കണക്കിലെടുത്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സംബന്ധിച്ച ചര്‍ച്ചയില്‍, ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനോട് അന്താരാഷ്ട്ര വിദഗ്ധരും ആഗോള നേതാക്കളും അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനെതിരെ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “”നിങ്ങള്‍ എല്ലാവരും നിര്‍ദ്ദേശിച്ചതുപോലെ, ലോക്ക്ഡൗണ്‍ ഉയര്‍ത്തുന്നത് ഉചിതമല്ല. നിയന്ത്രണങ്ങള്‍ നീക്കംചെയ്യുന്നത് ക്രമീകരിക്കേണ്ടതുണ്ട്, ഒരൊറ്റ എക്‌സിറ്റ് പ്ലാന്‍ ഉണ്ടാകാന്‍ പാടില്ല, “” അദ്ദേഹം പറഞ്ഞു.