Connect with us

Covid19

സഊദിയില്‍ 327 പേര്‍ക്ക് കൂടി കൊവിഡ്; മരണങ്ങളില്ലാത്ത ആശ്വാസ ദിനം

Published

|

Last Updated

ദമാം | സഊദിയില്‍ 327 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2,932 ആയി. ബുധനാഴ്ച പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ സഊദി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. രോഗബാധിതരില്‍ 2260 പേര്‍ ചികിത്സയിലാണ്. 42 പേര്‍ ഗുരുതരാവസ്ഥയിലാണ്. 631 പേര്‍ രോഗമുക്തി നേടി പുറത്തിറങ്ങി. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും വിദേശ വിദഗ്ധരും നടത്തിയ നാല് വ്യത്യസ്ത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ 10,000 മുതല്‍ 2,00,000 വരെ എത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ പറഞ്ഞു. എല്ലാവരുടെയും സഹകരണവും മുന്‍കരുതല്‍ നടപടികളോടുമുള്ള പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കും രോഗവ്യാപനത്തിന്റെ തോതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി മാളുകളും പാര്‍ക്കുകളും കഫേകളും അടച്ചുപൂട്ടുകയും സര്‍ക്കാര്‍ ഏജന്‍സികളിലെ ജോലികള്‍ താത്ക്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തിട്ടുണ്ട്.