Connect with us

Covid19

കശുവണ്ടിത്തൊഴിലാളികള്‍ക്കും കലാകാരന്മാര്‍ക്കും സാമ്പത്തിക സഹായം

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണിനെ തുടര്‍ന്ന് പരിപാടികള്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയ 20,000 കലാകാരന്മാര്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ രണ്ട് മാസത്തേക്ക് ധനസഹായം നല്‍കാനാണ് തീരുമാനം. ഇതിനാവശ്യമായ തുക സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്ന് ചെലവഴിക്കും. നിലവില്‍ പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ കിട്ടുന്ന 3012 പേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളായുണ്ട്. ഇവര്‍ക്കു പുറമേ കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കാനാണ് തീരുമാനം.

പൊതു-സ്വകാര്യ മേഖലയിലെ 1,07,564 കശുവണ്ടിത്തൊഴിലാളികള്‍ കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പരമ്പരാഗത തൊഴിലാളികള്‍ക്കും അതത് ക്ഷേമനിധികള്‍ വഴി സഹായമെത്തിക്കും. സംസ്ഥാനത്തെ 85,000 ല്‍ അധികം വരുന്ന തോട്ടം തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കും. ആധാരമെഴുത്ത്, കൈപ്പട വെന്‍ഡര്‍മാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും സഹായമായി 3000 രൂപ വീതം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

വിധവാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ മസ്റ്ററിംഗ് നടത്തിയില്ല എന്നതുകൊണ്ട്, പെന്‍ഷന്‍ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest