Connect with us

Editorial

എം പി ഫണ്ട്: കേരളത്തിന് കനത്ത അടി

Published

|

Last Updated

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തല്‍ ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കടുത്ത വിമര്‍ശനത്തിനു വിധേയമായിരിക്കുകയാണ്. പ്രാദേശിക വികസനത്തെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവെ അഭിപ്രായം. രാജ്യത്തിന്റെ പല ഭാഗത്തും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാന്‍ പണം അനുവദിച്ചിരിക്കുന്നത് എം പി ഫണ്ടില്‍ നിന്നാണ്. ഈ ആവശ്യത്തിലേക്ക് എം പി ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്ന് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്മാര്‍ ജനപ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതടിസ്ഥാനത്തില്‍ 339 എം പിമാര്‍ ഇതിനകം പണം നല്‍കിക്കഴിഞ്ഞു. പല ജില്ലകളിലും ഫണ്ട് അനുവദിച്ച് പണം ഉപയോഗിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റാപിഡ് ടെസ്റ്റിനാവശ്യമായ പതിനായിരം കിറ്റുകള്‍ വാങ്ങിയത് ശശി തരൂരിന്റെ ഫണ്ടില്‍ നിന്നായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ വെന്റിലേറ്റര്‍, ഐ സി യു അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം പിയുടെ ഫണ്ടില്‍ നിന്ന് 270.60 ലക്ഷം അനുവദിക്കുകയുണ്ടായി. ഫണ്ട് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തലാക്കുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. കേരളത്തിലെ പല എം പിമാരും കൊവിഡ് ബന്ധിത നടപടികള്‍ക്കായി പണം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ആ തുകയുടെ കാര്യം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉളവായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ജനപ്രതിനിധികള്‍ മുതല്‍ ഭരണത്തലവന്‍ വരെയുള്ളവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനും 2020-21, 2021-22 വര്‍ഷത്തെ എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് മരവിപ്പിക്കാനും തീരുമാനിച്ചത്. ഈ തുക സഞ്ചിത നിധിയിലേക്ക് വകയിരുത്തുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി എം പിമാരുടെ പെന്‍ഷന്‍, അലവന്‍സ്, ശമ്പളം എന്നിവ സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു. ഇതുവഴി 7,900 കോടി രൂപ ആര്‍ജിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വിദ്യാഭ്യാസം, റോഡ് നിര്‍മാണം, ആരോഗ്യം, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് എം പിമാര്‍ പ്രാദേശിക ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ പല വിദ്യാലയങ്ങളുടെയും അടിസ്ഥാന വികസനവും റോഡ് നിര്‍മാണവും എം പി ഫണ്ട് ഉപയോഗിച്ചാണ് നടത്തിയത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വികസന പദ്ധതികളില്‍ സ്ഥാനം പിടിക്കാതെ പോകുന്ന പല കാര്യങ്ങളും ജനപ്രതിനിധികളെന്ന നിലയില്‍ എം പിമാരുടെ മുമ്പിലെത്തുകയും തങ്ങളുടെ ഫണ്ടില്‍ നിന്ന് അവരത് നിര്‍വഹിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ മണ്ഡലങ്ങളില്‍ നേരിട്ടു വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു ജനപ്രതിനിധികള്‍ക്ക് ഇത്. ജനങ്ങള്‍ക്ക് ഇതു വലിയൊരു അനുഗ്രഹമാണ്. അതാത് ജില്ലാ ഭരണ കൂടങ്ങളാണ് പദ്ധതികള്‍ക്കായി ഈ തുക വിനിയോഗിക്കുന്നത്. വികേന്ദ്രീകൃത വികസനത്തിന്റെ നല്ല രീതികളിലൊന്നായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ഇനി മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായായിരിക്കും പദ്ധതികള്‍ക്ക് തുകകള്‍ അനുവദിക്കുക. ഇത് മണ്ഡലങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കണമെന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങളായിരിക്കും മാനദണ്ഡം. കൊവിഡ് പ്രതിരോധത്തിന് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതില്‍ ഇത് പ്രകടമാണല്ലോ. ഏപ്രില്‍ നാലിനാണ് ഇതുസംബന്ധിച്ച കേന്ദ്ര പ്രഖ്യാപനമുണ്ടായത്. അന്ന് 122 കൊവിഡ് കേസുകളുള്ള ഗുജറാത്തിനു 662 കോടി അനുവദിച്ചപ്പോള്‍, 543 കേസുകളുള്ള കേരളത്തിനു അനുവദിച്ചത് 157 കോടി മാത്രം. വികസന പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലെ ബി ജെ പി. എം പിമാരുടെ മണ്ഡലങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയായിരിക്കും ഫണ്ട് മരവിപ്പിക്കുന്നതിന്റെ പരിണതിയെന്നാണ് പ്രതിപക്ഷ എം പിമാര്‍ സന്ദേഹിക്കുന്നത്.

രണ്ട് വര്‍ഷത്തിനു ശേഷം, എം പി ഫണ്ട് തീരെ വേണ്ടെന്നു തീരുമാനിക്കുമോ എന്നും ആശങ്കയുണ്ട്.
1993ല്‍ പി വി നരസിംഹറാവു സര്‍ക്കാറിന്റെ കാലത്താണ് ഈ സംവിധാനം ആരംഭിച്ചത്. പ്രതിവര്‍ഷം അഞ്ച് ലക്ഷമായിരുന്നു തുടക്കത്തില്‍ ഓരോ എം പിക്കും അനുവദിച്ചിരുന്നത്. പിന്നീട് ഒരു കോടിയായും 1998ല്‍ രണ്ട് കോടിയായും 2011ല്‍ അഞ്ച് കോടിയായും ഇത് ഉയര്‍ത്തി. ലോക്‌സഭാ എം പിക്ക് തന്റെ മണ്ഡലത്തിലും രാജ്യസഭാ എം പിക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട പ്രദേശത്തും പദ്ധതികള്‍ക്കും ഈ തുക ചെലവഴിക്കാം. ഇങ്ങനെയൊരു ഫണ്ട് അനുവദിച്ചതില്‍ നേരത്തേ അഭിപ്രായ ഭിന്നത ഉയര്‍ന്നിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്‍മേലുള്ള കൈകടത്തലാണിതെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നു. ഇതടിസ്ഥാനത്തില്‍ എം പി ഫണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജികള്‍ സുപ്രീം കോടതിയിലെത്തി.

എന്നാല്‍ ഭരണഘടനയുടെ 275, 282 അനുഛേദ പ്രകാരം ഇത് നിയമാനുസൃതമാണെന്നാണ് 2010ല്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചത്. എം പി ഫണ്ട് നിര്‍ത്തലാക്കുന്നതിന് പകരം അത് കൊവിഡ് പ്രതിരോധത്തിന് മാത്രമേ ഉപയോഗിക്കാവൂവെന്ന് വ്യവസ്ഥ ചെയ്യുകയായിരുന്നു സര്‍ക്കാര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ഈ ഫണ്ട് പിടിച്ചു വെക്കുന്നതിനു പകരം സര്‍ക്കാറിന് മറ്റു വഴികള്‍ തേടാമായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ വന്‍ ഇളവുകള്‍ പിന്‍വലിച്ചാല്‍ എം പി ഫണ്ട് വിഹിതത്തേക്കാള്‍ വലിയ തുക സ്വരൂപിക്കാനാകും. എം പി ഫണ്ടിന്റെ 22.5 ശതമാനം തുക പട്ടിക വിഭാഗങ്ങള്‍ക്കുള്ളതാണ.് ഇക്കാര്യം പോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. മികച്ച രീതിയില്‍ എം പി ഫണ്ട് ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിനു കേന്ദ്ര തീരുമാനം കനത്ത അടിയാണ്.