Connect with us

Covid19

കൊവിഡ്: ഫ്രാന്‍സിലും മരണം പതിനായിരം കടന്നു; അമേരിക്കയില്‍ നാല് മലയാളികള്‍കൂടി മരിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് മഹാമാരിയില്‍ ഫ്രാന്‍സില്‍ പതിനായിരത്തിലധികം പേര്‍ മരിച്ചു. ഇത്രയധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു.

ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരികോശി(80 )കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64),തൃശൂര്‍ സ്വദേശി ടെന്നിസന്‍ പയ്യൂര്‍ , കോടഞ്ചേരി സ്വദേശി പോള്‍ എന്നിവരാണ് മരിച്ചത്.

അമേരിക്കയില്‍ ഇതുവരെ 12748 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,970 പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണ്. ന്യൂയോര്‍ക്കില്‍ മാത്രം 731 മരണമുണ്ടായിട്ടുണ്ട്. യുഎസില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ യുഎസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷംകടന്നു.

കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്‌പെയിനിലെ മരണനിരക്കില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവ് ഉണ്ടായി. 704 മരണങ്ങള്‍ സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 14,045 ആയി. ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയിട്ടുണ്ട്.

യുകെയില്‍ ഇന്നലത്തെ 786 മരണങ്ങളടക്കം ആകെ മരിച്ചവരുടെ എണ്ണം 6159 ആയി. തിങ്കളാഴ്ച വൈകീട്ടോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായി തുടരുകയാണ്. ബെല്‍ജിയത്തില്‍ 24 മണിക്കൂറിനിടെ 403 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 82,023 ആയി. 1,430,528 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.

Latest