Connect with us

Gulf

വാഹനമോടിക്കുമ്പോള്‍ വിദൂര പഠനത്തില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പോലീസ്

Published

|

Last Updated

അബുദാബി | ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ വിദൂര പഠനത്തില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ വായിക്കുന്നതും സന്ദേശം അയക്കുന്നതും സംസാരിക്കുന്നതും കടുത്ത നിയമലംഘനമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈലില്‍ വായിക്കുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും.

വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ പഠനം വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു. വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍ കളിക്കുന്ന ഡ്രൈവര്‍മാര്‍ വരെയുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാഹനാപകടങ്ങളുടെ കാരണങ്ങളില്‍ 71 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണവും 17.7 ശതമാനം ഡ്രൈവിംഗിനിടെ കുട്ടികളെ പരിചരിക്കുന്നതിനാലും 10.9 ശതമാനം ഡ്രൈവിംഗിനിടെ ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതിനാലാണെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗിനിടെയുള്ള 88,619 ഓളം മൊബൈല്‍ ഫോണ്‍ ഉപയോഗം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 323,102 മൊബൈല്‍ ഫോണ്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.