Connect with us

Covid19

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൊവ്വാഴ്ച ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 4, കണ്ണൂര്‍ 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശികളും രണ്ട് പേര്‍ നിസാമുദ്ധീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

12 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂരില്‍ അഞ്ച് പേരുടെയും, എറണാകുളത്ത് നാല് പേരുടെയും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തരുടെയും ഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്കാണ്. ഇതില്‍ 263 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

131 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,232 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. 1,46,686 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 145934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ലോകാരോഗ്യ ദിനമാണെന്നത് എടുത്തുപറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. നഴ്‌സുമാരുടെയും പ്രസവ ശുശ്രൂഷകരുടെയും ദിനമായാണ് ഇത്തവണ ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ലോകത്താകെ നഴ്‌സുമാര്‍ ദുരിതമനുഭവിക്കുന്ന സാഹചര്യമാണിത്. നിപ ബാധിതനെ ചികിത്സിക്കുന്നതിനിടെ വൈറസ് പകര്‍ന്ന് മരിച്ച ലിനി നഴ്‌സുമാരുടെ ത്യാഗനിര്‍ഭരമായ സേവനത്തിനും സമര്‍പ്പണത്തിനും ഉദാഹരണമാണ്.

കോട്ടയത്ത് കൊവിഡ് ബാധിച്ച വയോധികര്‍ രോഗമുക്തരായി ആശുപത്രി വിട്ടത് കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. അവരെ ശുശ്രൂഷിക്കവെ രോഗം ബാധിക്കുകയും ചികിത്സയിലൂടെ അസുഖം മാറുകയും ചെയ്ത സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഇനിയും സേവനം തുടരാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഐസോലേഷനില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ തന്നെ മറ്റൊരു നഴ്‌സ് പാപ്പ ഹെന്റി ഏതു ജില്ലയിലും ജോലി ചെയ്യാന്‍ ഇനിയും ഒരുക്കമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നഴ്‌സുമാരിലുള്ള ഊര്‍ജത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണിത്. അവര്‍ക്ക് അതേ കരുതല്‍ തിരിച്ചുനല്‍കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഡല്‍ഹി. മഹാരാഷ്ട്രയിലെയും നിരവധി മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധിച്ചത് ഉത്കണ്ഠയുളവാക്കുന്നതാണ്. ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തുന്ന അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ഓരോ വിദേശ രാഷ്ട്രത്തിലും പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരെ സംരക്ഷിക്കുന്നതില്‍ ലോകത്താകെയുള്ള മലയാളി സമൂഹവും സംഘടനകളും ഇടപെടണം.

Latest