Connect with us

International

പാക്കിസ്ഥാനിലും തബ്‌ലീഗ് സമ്മേളനം: 20,000 പേർ ക്വാറന്റൈനിൽ

Published

|

Last Updated

ഇസ്‌ലാമാബാദ് | പാക്കിസ്ഥാൻ നഗരമായ ലാഹോറിൽ തബ്‌ലീഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത 20,000 പേരെ ക്വാറന്റൈൻ ചെയ്തു. പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിനാളുകളെ തേടി അലയുകയാണ് അധികൃതർ. മാർച്ച് പത്തിനും 12നും ഇടയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവർക്ക് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്.

കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് സർക്കാർ പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ അവഗണിച്ചാണ് സമ്മേളനം നടത്താൻ സംഘാടകർ തീരുമാനിച്ചത്. ഒരു ലക്ഷം പേർ സമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
ഖൈബർ പഖ്തുൻഖുവാ മേഖലയിൽ ക്വാറന്റൈനിലാക്കിയ 5,300 പേരിൽ പലർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. പരിപാടിയിൽ പങ്കെടുത്തവരിൽ പലരും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ കണ്ടെത്തുകയെന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരിക്കുകയാണ്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ നിർബന്ധപൂർവം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമ്മേളനത്തിൽ പങ്കെടുത്ത 154 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർ മരിക്കുകയും ചെയ്തു.

കൊറോണവൈറസിന്റെ വ്യാപനം നടക്കുന്നതിനിടെ പാക്കിസ്ഥാന് പുറമെ മലേഷ്യ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് തബ്‌ലീഗിന്റെ സമ്മേളനം നടന്നത്. അധികൃതരുടെയും ലോകാരോഗ്യ സംഘടനയുടെയും മുന്നറിയിപ്പുകൾ അവഗണിച്ച് നടന്ന മൂന്ന് സമ്മേളനങ്ങളിലും പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നടക്കമുള്ളവർ ഈ സമ്മേളനങ്ങളിൽ പങ്കെടുത്തതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ പരിപാടിയിൽ സംബന്ധിച്ചതും അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

പാക്കിസ്ഥാനിൽ മാത്രം ആയിരക്കണക്കിന് വിദേശികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവരിൽ 1,500 പേരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കാനും ക്വാറന്റൈൻ ചെയ്യാനും സാധിച്ചത്. ബാക്കിയുള്ളവർ ക്വാറന്റൈനിൽ കിടക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഫലസ്തീനിലെ ഗാസയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ പാക്കിസ്ഥാനിലെ സമ്മേളനത്തിൽ പങ്കെടുത്തവരായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.