Connect with us

Covid19

അതിര്‍ത്തിയില്‍ ക്രൂരത തുടര്‍ന്ന് കര്‍ണാടക; കേരളത്തില്‍ നിന്ന് രോഗിയായ കുട്ടിയുമായി എത്തിയ ആംബുലന്‍സ് തടഞ്ഞു

Published

|

Last Updated

കാസര്‍കോട് | കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ ധാരണയായെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിട്ടും പിടിവാശി തുടര്‍ന്ന് കര്‍ണാടക. ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്കു പോകാന്‍ അതിര്‍ത്തിയിലെത്തിയ കേരളത്തില്‍ നിന്നുള്ള രോഗിയെ കര്‍ണാടക പോലീസ് തടഞ്ഞു. കൊവിഡ് രോഗികളെ അല്ലാത്തവരെ കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് നടപടി.

കണ്ണൂരില്‍നിന്ന് രോഗിയായ കുട്ടിയുമായെത്തിയ ആംബുലന്‍സാണ് തലപ്പാടി ചെക്ക്‌പോസ്റ്റില്‍ പോലീസ് തടഞ്ഞത്. ആംബുലന്‍സില്‍ കുട്ടിയുടെ കൂടെയുണ്ടായിരുന്നവര്‍ ചികിത്സാ രേഖകള്‍ കാണിക്കുകയും കോടതി ഉത്തരവിനെ കുറിച്ച് പറയുകയും ചെയ്തിട്ടും കടത്തിവിടാന്‍ പോലീസ് തയാറായില്ല.
പ്രശ്നം തീര്‍ന്നുവെന്നും രോഗികളെ ചികിത്സക്കു കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയാറാക്കിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റീസ് എസ് എ ബോബ്ദെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

Latest