Connect with us

Editorial

പ്രതിരോധ ഉപകരണങ്ങളുടെ നിലവാരം ഉറപ്പു വരുത്തണം

Published

|

Last Updated

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഭീതിദമാം വിധം വര്‍ധിച്ചു വരവെ, പല സംസ്ഥാനങ്ങളിലും രോഗബാധിതരെ പരിചരിക്കാനാവശ്യമായ മെഡിക്കല്‍ സംവിധാനങ്ങളില്ലെന്നത് കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നു. കേന്ദ്ര ഏജന്‍സിയായ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സ് രാജ്യത്തെ കലക്ടര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് മഹാരാഷ്ട്ര, ബിഹാര്‍, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപകരണങ്ങളുടെ അപര്യാപ്തത കണ്ടെത്തിയത്. ഈ സംസ്ഥാനങ്ങളില്‍ ആശുപത്രി സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട മാസ്‌ക്, ഗ്ലൗസ് തുടങ്ങി വ്യക്തിസുരക്ഷാ ഉപകരണങ്ങളും (പി പി ഇ) ആവശ്യത്തിനു ലഭ്യമല്ല. ഉപകരണങ്ങളുടെ അഭാവം മൂലം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ റെയിന്‍കോട്ടും ഹെൽമെറ്റും ഉപയോഗിക്കേണ്ടി വരുന്നുണ്ട്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഒരു ഡോക്ടര്‍ കീറിയ റെയിന്‍ കോട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു.

കൊവിഡ് 19 ബാധിതരുടെ എണ്ണം 4,000 കടന്നു ഇന്ത്യയില്‍. മരണം നൂറിലേറെയും. രാജ്യത്തെ 274 ജില്ലകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം ഈ പ്രദേശങ്ങളിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴത്തേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കു കൂട്ടല്‍. അടുത്ത രണ്ട് മാസത്തേക്ക് 2.7 കോടി മാസ്‌കുകളും 16 ലക്ഷം പരിശോധനാ കിറ്റുകളും 50,000 പുതിയ വെന്റിലേറ്ററുകളും ആവശ്യമായി വരുമെന്നും അവര്‍ വിലയിരുത്തുന്നു. രോഗ വര്‍ധനവിനു അനുസൃതമായി ആശുപത്രികളോ ഉപകരണങ്ങളോ ഇല്ല. രാജ്യത്തെ വിവിധ ആശുപത്രികളില്‍ സ്ഥാപിച്ച വെന്റിലേറ്ററുകളില്‍ 20,000 മുതല്‍ 30,000 വരെ പ്രവര്‍ത്തനക്ഷമമല്ലെന്നു നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുമുണ്ടായി. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതും പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതുമാണ് കാരണം.

കൊവിഡ് ലോകവ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ മെഡിക്കല്‍ രംഗത്ത് ഏറ്റവും ആവശ്യമായ ഉപകരണമായി മാറിയിരിക്കുന്നു വെന്റിലേറ്ററുകള്‍. ഇവയുടെ ലഭ്യതക്കുറവാണ് പല രാഷ്ട്രങ്ങളിലും പ്രധാന ഭീഷണിയായി നിലനില്‍ക്കുന്നത്. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രോഗിയുടെ ശ്വാസകോശത്തെയാണ്. ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് കൃത്രിമ ശ്വാസം നല്‍കാന്‍ വെന്റിലേറ്ററുകള്‍ അനിവാര്യമാണ്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ തുടങ്ങി കൊവിഡ് ഏറ്റവും പടര്‍ന്നു പിടിച്ച രാജ്യങ്ങള്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ പാടുപെടുകയാണ്. അമേരിക്കയില്‍ ആവശ്യത്തിനു വെന്റിലേറ്ററുകളില്ലാത്തത് ചില സംസ്ഥാനങ്ങള്‍ ട്രംപുമായി ഏറ്റുമുട്ടലിനു വഴിയൊരുക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. കൂടുതല്‍ വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ ഫെഡറല്‍ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ ലഭ്യമാക്കിക്കൊള്ളാമെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഇത് സംസ്ഥാന ഭരണകൂടങ്ങളുടെ പ്രതിഷേധത്തിനിടയാക്കി.

എട്ട് മില്യനില്‍ പരം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ ഹോസ്പിറ്റലുകളില്‍ ബെഡുകളുടെ എണ്ണം കൂട്ടാനും ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അധികൃതര്‍ നെട്ടോട്ടമോടുകയാണ്. വിവിധ ഹോട്ടലുകള്‍ താത്കാലിക ആശുപത്രികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണവിടെ. ഫോര്‍ഡ്, ജി എം തുടങ്ങിയ വന്‍കിട കമ്പനികള്‍ വെന്റിലേറ്റര്‍ നിര്‍മാണം തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും രോഗികളുടെ ക്രമാതീതമായ വര്‍ധന മൂലം അതൊന്നും തികയാത്ത അവസ്ഥയാണ്. ഈ അനുഭവങ്ങള്‍ മുന്നില്‍ കണ്ട് ഇന്ത്യയില്‍ വെന്റിലേറ്ററുകളുടെയും മറ്റു ഉപകരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ 50,000 പുതിയ വെന്റിലേറ്ററുകള്‍ അടിയന്തരമായി നിര്‍മിച്ചു നല്‍കണമെന്ന് നിര്‍മാണ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 16,000 എണ്ണത്തിന്റെ നിര്‍മാണമേ പൂര്‍ത്തിയായിട്ടുള്ളൂ. കൂടുതല്‍ ആവശ്യമായി വന്നാല്‍ ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ലഭ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതിനായി ചൈനയിലേക്ക് ചരക്കു വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യക്ക് അനുമതി ലഭിച്ചു കഴിഞ്ഞതായി എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബല്‍സാല്‍ വെളിപ്പെടുത്തി.

അതേസമയം, ചൈനീസ് ഉപകരണങ്ങള്‍ക്ക് നിലവാരം പോരെന്ന പരാതി ആഗോളതലത്തില്‍ വ്യാപകമാണ്. സ്‌പെയിന്‍, തുര്‍ക്കി, നെതര്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവാരക്കുറവിനെ തുടര്‍ന്നു കൊവിഡ് ടെസ്റ്റ് കിറ്റ് ഉള്‍പ്പെടെ ചൈനീസ് മെഡിക്കല്‍ ഉപകരണങ്ങള്‍ നിരസിച്ചിരുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത കിറ്റുകള്‍ കൊണ്ട് കൃത്യമായ പരിശോധനാ ഫലം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഡച്ച് ആരോഗ്യമന്ത്രാലയം വിതരണം ചെയ്ത ചൈനീസ് നിര്‍മിതമായ ആറ് ലക്ഷം മാസ്‌കുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ തിരിച്ചെടുക്കേണ്ടി വന്നു.

അവയുടെ ഫില്‍ട്ടറുകള്‍ കാര്യക്ഷമമല്ലെന്നു കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഫില്‍ട്ടറുകള്‍ നിലവാരമില്ലെങ്കില്‍ രോഗവ്യാപനം തടയില്ല. എന്നാല്‍ ഡച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങളൊന്നും ചൈനീസ് മെഡിക്കല്‍ അതോറിറ്റിയുടെ ഔദ്യോഗിക ലൈസന്‍സ് ഇല്ലാത്തതാണെന്നും അതിനു തങ്ങള്‍ ഉത്തരവാദികളല്ലെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. ആഗോളതലത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ചൈന വന്‍തോതില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു വരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കൊവിഡ് ഭീതി മുതലെടുത്ത് കേവലം കച്ചവടക്കണ്ണോടെ നിര്‍മിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് മതിയായ ഗുണനിലവാരം ഉണ്ടായിക്കൊള്ളണമെന്നില്ല. ഇന്ത്യ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അതിന്റെ നിലവാരം ഉറപ്പ് വരുത്തേണ്ടതുണ്ട്. വിശിഷ്യാ പരിശോധനാ കിറ്റുകളുടെയും മരുന്നുകളുടെയും കാര്യത്തില്‍.

Latest