Connect with us

Covid19

മാസ്‌ക് ധരിച്ചേ പുറത്തിറങ്ങാവൂ, ഇല്ലെങ്കില്‍ കനത്ത പിഴ; ഉത്തരവുമായി ഒഡീഷയിലെ ഗഞ്ചം ജില്ല

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡീഷയില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ, പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഗഞ്ചം ജില്ല. ആളുകള്‍ തെരുവിലിറങ്ങുമ്പോള്‍ കോട്ടണ്‍ തുണിയുടെ മാസ്‌ക്കോ തൂവാലയോ മൂക്കും വായും മൂടുന്ന തരത്തില്‍ ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ വിജയ് അമൃത കുലംഗെ ഉത്തരവിട്ടു. നഗര പ്രദേശങ്ങളില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്ന് 1000 ഉം ഗ്രാമപ്രദേശങ്ങളില്‍ 500 ഉം രൂപ പിഴയീടാക്കുമെന്ന്  കലക്ടര്‍ വ്യക്തമാക്കി. ഭുവനേശ്വറില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ നാട്ടില്‍ പോയി തിരിച്ചെത്തിയതോടെ, ജില്ലയിലെ മാതിയ സാഹി ഗ്രാമം അടച്ചുകെട്ടി സീല്‍ ചെയ്തതിനു പിന്നാലെയാണ് മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുകുദക്കന്‍ഡി ബ്ലോക്കിലുള്ള ബകലാതി ഗ്രാമ പഞ്ചായത്തിനു കീഴില്‍ വരുന്നതാണ് ഈ ഗ്രാമം.

130ഓളം കുടിയേറ്റക്കാരാണ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തില്‍ നിന്ന് തിരിച്ചെത്തിയിട്ടുള്ളതെന്ന് ബെര്‍ഹംപൂര്‍ സബ് കലക്ടര്‍ ഷിന്‍ഡെ ദത്താത്രേയ ഭാവുസാഹെബ് വെളിപ്പെടുത്തി. മാതിയ സാഹി ഗ്രാമത്തിന് അകത്തേക്കോ പുറത്തേക്കുള്ള വാഹന ഗതാഗതവും ജനസഞ്ചാരവുമെല്ലാം ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിരോധിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനായി ഒരുലക്ഷത്തിലധികം മാസ്‌കുകള്‍ സംസ്ഥാനത്തെ 400ഓളം വരുന്ന സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ മിഷന്‍ ശക്തി പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ സംഘങ്ങള്‍. ദിവസവും 50,000 മാസ്‌കുകളാണ് കൊവിഡ് 19 പ്രതിരോധ നടപടികളില്‍ സര്‍ക്കാറിനെ സഹായിക്കുന്നതിന്റെ ഭാഗമായി സംഘങ്ങള്‍ നിര്‍മിക്കുന്നത്.

Latest