Connect with us

Covid19

കടുംപിടിത്തം തുടര്‍ന്ന് കര്‍ണാടക; അതിര്‍ത്തി തുറക്കില്ല

Published

|

Last Updated

മംഗലാപുരം | കാസര്‍കോട്-മംഗലാപുരം അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ അയവു വരുത്താതെ കര്‍ണാടക. പ്രശ്‌നം പരിഹരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിടുകയും അതിന് സ്റ്റേ നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിട്ടും കടുത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് കര്‍ണാടക. കാസര്‍കോട്ട് കൊവിഡ് വൈറസ് ബാധ ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ രോഗികളെ മംഗലാപുരത്തേക്കു പ്രവേശിപ്പിക്കുക ബുദ്ധിമുട്ടാണെന്നും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. എന്നാല്‍, കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ദക്ഷിണ കന്നഡ ജില്ലയിലെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് കര്‍ണാടക ശനിയാഴ്ച പിന്‍വലിച്ചിരുന്നു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായെന്ന് വിശദീകരിച്ചാണ് കേരളത്തില്‍ നിന്നുള്ള രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ ബുധനാഴ്ച ദക്ഷിണ കന്നഡ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിറക്കിയത്. മനുഷ്യാവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ച് കടുത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്.

അതേസമയം, ചികിത്സാ വിലക്ക് നീക്കിയെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ മലയാളികള്‍ക്ക് സാധിക്കില്ല. കേരളത്തില്‍ നിന്നുള്ള ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണെന്നതാണ് ഇതിനു കാരണം. എന്നാല്‍, ചികിത്സാ വിലക്ക് നീക്കിയതോടെ മംഗലാപുരത്തെ ആശുപത്രികളില്‍ നേരത്തെ പ്രവേശിപ്പിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള രോഗികളെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന ആശ്വാസമുണ്ട്.

Latest