Connect with us

Ongoing News

മഹാമാരിക്കെതിരെ സമർപ്പിത മാതൃകയായി എസ് വൈ എസ് സാന്ത്വനം ഹെൽപ് ലൈൻ

Published

|

Last Updated

കോഴിക്കോട് | കൊവിഡ് മഹാമാരിയിൽ രാജ്യം നിശ്ചലമായപ്പോൾ ദുരിതത്തിലായവരെ സഹായിക്കാൻ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ. മരുന്നും ഭക്ഷണവുമടക്കം അടിയന്തര സഹായങ്ങളെത്തിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുകയാണ് ഇവർ.
എസ് വൈ എസിന്റെ സാന്ത്വനം ഹെൽപ്്ലൈൻ വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം ആയിരങ്ങൾക്കാണ് സേവനം ലഭ്യമാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിബന്ധനകൾ പാലിച്ച് കേന്ദ്രീകൃത സ്വഭാവത്തിലാണ് ഹെൽപ് ലൈനിന്റെ പ്രവർത്തനം. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്ന് സഹായ അഭ്യർഥനയെത്തിയാലും ഓടിയെത്താൻ സന്നദ്ധ ഭടന്മാരുടെ ശൃംഖലയുണ്ട്.

എറണാകുളത്തെ ഹെൽപ് ലൈൻ ആസ്ഥാനത്ത് ലഭിക്കുന്ന സഹായഭ്യർഥനകൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് കൈമാറും. അവിടെ നിന്ന് സോണുകളിലും സർക്കിളുകളിലും സന്ദേശമെത്തിച്ച് സമയ ബന്ധിതമായി സേവനം ഉറപ്പ് വരുത്തും. സാന്ത്വനം ഹെൽപ് ലൈൻ പ്രവർത്തനമാരംഭിച്ച് എട്ട് ദിവസത്തിനിടെ ഏഴായിരത്തിലേറെ ആളുകളാണ് സേവനം തേടി വിളിച്ചത്. ആലുവ, തിരുവനന്തപുരം, കാസർകോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ബന്ധപ്പെട്ട അതിഥി തൊഴിലാളികൾക്ക് ആദ്യം ഭക്ഷണമൊരുക്കുകയും പിന്നീട് എം എൽ എമാരെയും തദ്ദേശ സ്ഥാപന അധികൃതരേയും ബന്ധപ്പെട്ട് സ്ഥിരം സൗകര്യമൊരുക്കുകയും ചെയ്തു.

സാന്ത്വനത്തിന്റെ കീഴിലുള്ള 40ലേറെ ആംബുലൻസുകൾ ഉപയോഗിച്ച് നിരവധി രോഗികളെ ഡയാലിസിസിനും മറ്റ് അടിയന്തര ചികിത്സകൾക്കുമെത്തിച്ചു.
ആശുപത്രിയിൽ പോകാൻ കഴിയാത്ത രോഗികൾക്ക് എല്ലാ ജില്ലകളിലും ഡോക്ടർമാരുമായി ഫോൺ വഴി കൺസൽട്ടിംഗ് സൗകര്യമേർപ്പെടുത്തി മരുന്നെത്തിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകൾക്കും തൊഴിലില്ലാതെ പട്ടിണിയിലായ കുടുംബങ്ങൾക്കും അവശ്യ സാധനങ്ങൾ ലഭ്യമാകാതെ ബുദ്ധിമുട്ടുന്നവർക്കും ഭക്ഷ്യക്കിറ്റുകളടക്കമുള്ള അടിയന്തര സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.എസ് വൈ എസ് യൂനിറ്റുകളിൽ സ്വന്തമായി നിർമിക്കുന്ന ലക്ഷക്കണക്കിന് മാസ്‌കുകൾ ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു. എറണാകുളം ജില്ലയിൽ മാത്രം കാൽ ലക്ഷം മാസ്‌കുകളാണ് സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ സൗജന്യമായി വിതരണം ചെയ്തത്.

സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയിലും എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ പങ്കാളികളാകുന്നുണ്ട്. ഭക്ഷണം സ്‌പോൺസർ ചെയ്യുന്നതിന് പുറമെ പാചകത്തിനും ഭക്ഷണം ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതിനും വളണ്ടിയർമാർ രംഗത്തുണ്ട്. കൊച്ചി കോർപറേഷനിലെ പത്ത് ഡിവിഷനുകളിൽ കമ്യൂണിറ്റി കിച്ചൺ ചുമതല എസ് വൈ എസ് എറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തും കൊവിഡ് കാലയളവിൽ എസ് വൈ എസ് സാന്ത്വനം ഹെൽപ് ലൈൻ സേവനനിരതരാണ്. എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷൻ സുഹൈറുദ്ദീൻ നൂറാനിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഇന്നലെ മാത്രം 3,0000 ത്തോളം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളിലാണ് പരിഹാരമുണ്ടാക്കിയത്. അസം, ബംഗാൾ, ബീഹാർ,യു പി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി കേരളം, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെത്തിയ ഒരു ലക്ഷത്തിലേറെ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഒരാഴ്ച കൊണ്ട് സാന്ത്വനം ഹെൽപ് ലൈൻ ഇടപെട്ടു. ഭക്ഷണവും താമസ സൗകര്യവുമില്ലാത്തത് മുതൽ ഫോൺ റീ ചാർജ് ചെയ്യാനാവാത്ത പ്രശ്‌നങ്ങൾ വരെ പരിഹരിച്ചതായി സുഹൈറുദ്ദീൻ നൂറാനി പറഞ്ഞു.

ഡൽഹിയിലും ഗുജറാത്തിലും ബെംഗളൂരുവിലും മർകസ് സ്ഥാപനങ്ങൾ വഴി നിരവധിപേർക്ക് താമസ സൗകര്യമൊരുക്കിയിട്ടുമുണ്ട്. ഇസ്മാഈൽ സഖാഫി നെല്ലിക്കുഴിക്കാണ് സാന്ത്വനം ഹെൽപ് ലൈൻ സംസ്ഥാനതല ചുമതല. മുഹമ്മദ് ഫിറോസ് അഹ്‌സനി, യൂസുഫ് സഖാഫി അറക്കപ്പടി, മുഹമ്മദ് ഫിറോസ് അഹ്‌സനി ആലുവ,ശംസുദ്ദീൻ കൊടികുത്തുമല,ബീരാൻ സഖാഫി നെല്ലിക്കുഴി,മുഹമ്മദ് സ്വാലിഹ് വെണ്ണല എന്നിവരാണ് ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.”നിങ്ങൾ വീട്ടിലിരിക്കൂ; നിങ്ങൾക്കായി ഞങ്ങൾ പുറത്തുണ്ട്” എന്ന സന്ദേശമാണ് എസ് വൈ എസ് ഹെൽപ് ലൈൻ പ്രവർത്തകർ മുന്നോട്ട് വെക്കുന്നത്. അവശ്യ മരുന്നുകൾ രോഗികൾക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമാക്കാൻ ഓൺലൈനിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, എം വി സിദ്ദീഖ് സഖാഫി, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, എസ് ശറഫുദ്ദീൻ, എം മുഹമ്മദ് സാദിഖ്, ആർ പി ഹുസൈൻ പ്രസംഗിച്ചു.
ഹെൽപ്പ് ലൈൻ നമ്പറുകൾ: 9061873657, 9526864313, 9747427360,9847123206, 9846272963,9847227539.കേരളത്തിന് പുറത്തുള്ളവർ: 9986136655,9995751194, 8129755155.