Connect with us

National

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കിയതായി കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം താമസസൗകര്യം ഒരുക്കിയതായി കേന്ദ്രം സുപ്രീം കോടതിയില്‍. ചൊവ്വാഴ്ച രാവിലെ 11 മണി വരെ ആരും നിരത്തുകളിലില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വ്യക്തമാക്കി. ബുദ്ധിമുട്ട് അനുഭവിച്ച എല്ലാ കുടിയേറ്റ തൊഴിലാളികളെയും ഏറ്റവും അടുത്ത് അനുയോജ്യമായ താമസസ്ഥലത്ത് എത്തിച്ചതായും അദ്ദേഹം വിശദീകരിച്ചു.

ലോക്ക്ഡൗണിനിടയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ പലായനത്തിനിറങ്ങിയത് തടയാന്‍ എന്ത് ചെയ്തുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇന്ന് വിശദീകരണം നല്‍കിയത്.

കുടിയേറ്റ തൊഴിലാളികളും ദിവസ വേതനക്കാരുമായ 22.88 ലക്ഷത്തോളം ജനങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കിയതായി തുഷാര്‍ മെഹ്ത പറഞ്ഞു. തൊഴിലാളികളുടെ പരിഭ്രാന്തി മാറ്റാന്‍ പ്രത്യേക കൗണ്‍സിലിങ് നല്‍കുമെന്നും ഇതിനായി മതനേതാക്കളെയും മാനസികാരോഗ്യ വിദഗ്ധരെയും ഉപയോഗിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.

അതേസമയം, കുടിയേറ്റ തൊഴിലാളികകളില്‍ എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം, പോഷണം, വൈദ്യസഹായം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിഭ്രാന്തി വൈറസിനേക്കാള്‍ കൂടുതല്‍ ജീവിതങ്ങളെ നശിപ്പിക്കും. അതിനാല്‍ തൊഴിലാളികള്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് നല്‍കണം. ജനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Latest