Connect with us

Covid19

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ മറക്കരുത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികളാണ് നമ്മുടെ നാടിന്റെ നട്ടെല്ലെന്നും അവര്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം ആരും മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊറോണയുടെ സാഹചര്യത്തില്‍ ചില ആളുകള്‍ പ്രവാസികളോട് പ്രത്യേക വികാരം പ്രകടിപ്പിക്കുന്നത് കാണുന്നുണ്ട്. ആഗോള വ്യാപകമായി പടരുന്ന മഹാമാരിയാണ് കോവിഡ് 19 എന്ന് ഓര്‍ക്കണം. ജോലിചെയ്തിരുന്ന രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് പ്രവാസികള്‍ നാട്ടിലേക്ക് വന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അവരില്‍ എല്ലാവരും മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ പ്രവാസികളെ ഒരുതരത്തിലും അപഹസിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിന്റെ കരുത്തുറ്റ വിഭാഗമാണ് പ്രവാസികള്‍. അവരെ വെറുപ്പോടെ നോക്കിക്കാണരുത്. ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസികള്‍ കുടുബത്തെയോര്‍ത്ത് ഉത്കണ്ഠയിലാണ്. നിങ്ങള്‍ സുരക്ഷിതരായി വിദേശത്തുതന്നെ കഴിയൂ എന്നാണ് ഈ അവസരത്തില്‍ അവരോട് സര്‍ക്കാരിന് പറയാനുള്ളത്. നിങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്. പ്രവാസികളുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest