Connect with us

Kerala

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്‍. 1600 ഔട്ട്ലെറ്റുകള്‍ വഴിയാകും വിതരണം നിര്‍വഹിക്കുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മാസത്തേക്ക് ആവശ്യമായ ധാന്യം സംഭരിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം തുടങ്ങും. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രില്‍ 20 ന് മുമ്പു വാങ്ങണം. തുടര്‍ന്ന് കേന്ദ്രം വാഗ്ദാനം ചെയ്ത ഭക്ഷ്യധാന്യം എത്തിക്കുന്നതിന് നടപടിയെടുക്കും.

രാവിലെ മുന്‍ഗണനാ വിഭാഗം, ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗം എന്ന ക്രമത്തിലായിരിക്കും റേഷന്‍ വിതരണം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അതത് കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ രേഖപ്പെടുത്തിയ സത്യവാങ്മൂലം കൊണ്ടുവന്നാല്‍ റേഷന്‍ ലഭിക്കും. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന് തിരികെ നല്‍കാമെന്നും റേഷന്‍ വാങ്ങുന്നതിന് എത്താന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലെത്തിക്കാന്‍ സൗകര്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ വാങ്ങാനെത്തുന്നവര്‍ കടക്കു മുമ്പില്‍ ആവശ്യമായ അകലം പാലിച്ച് വരിനില്‍ക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അഞ്ചുപേര്‍ മാത്രമേ റേഷന്‍ കടക്ക് മുമ്പില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെയോ ജനപ്രതിനിധികളുടെയോ ഇടപെടലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Latest