Connect with us

Kerala

ഹോം ക്വാറന്റൈൻ: ഗൾഫുകാർക്കു മാത്രം അതീവ ജാഗ്രത

Published

|

Last Updated

കോഴിക്കോട് | കൊവിഡ്19 സാമൂഹിക വ്യാപനം തടയാതിരിക്കാനുള്ള ക്വാറന്റൈൻ ജാഗ്രത ഗൾഫിൽ നിന്ന് എത്തിയവരിൽ അതീവ ശ്രദ്ധയോടെ നടപ്പാക്കുമ്പോൾ മറ്റുള്ളവരുടെ കാര്യത്തിൽ അയഞ്ഞ സമീപനമെന്ന് വിമർശം. സംസ്ഥാനാന്തര യാത്രകൾ നടത്തിയവരും വിദേശങ്ങളിൽ നിന്നെത്തിയവരെ വാഹനങ്ങളിൽ കൊണ്ടുവന്ന ഡ്രൈവർമാരും എല്ലാം ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കാത്തത് ഉൾനാടുകളിൽ കടുത്ത ആശങ്ക പരത്തുന്നുണ്ട്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് പരാതിപ്പെടാൻ ആരോഗ്യ വകുപ്പ് അധികൃതരെ വിളിക്കുമ്പോൾ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടേത് മുതൽ മിക്ക ഫോൺ നമ്പറുകളും സ്വിച്ച് ഓഫാണ്. തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് ഇത്തരക്കാരെ പറഞ്ഞ് വീട്ടിലിരുത്താൻ കഴിയുന്നില്ല.
ജീവിത ശൈലീ രോഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന, പകർച്ച രോഗങ്ങളല്ലാത്ത ദീർഘകാല രോഗങ്ങളുള്ളവരിൽ കൊവിഡ് 19 മരണ നിരക്ക് കൂടുതലാണെന്ന വിദഗ്ധാഭിപ്രായം പുറത്തുവന്നതോടെ ഇത്തരം രോഗങ്ങൾക്ക് വർഷങ്ങളായി മരുന്ന് കഴിക്കുന്നവർ ഏറെയും രോഗവ്യാപനം കരുതി വീട്ടിൽ കഴിയുകയാണ്. പ്രായാധിക്യമുള്ളവരിലും മരണനിരക്ക് കൂടുതലാണ് എന്നതിനാൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ജാഗ്രതയോടെ വീട്ടിലിരിക്കാൻ തയ്യാറാവുന്നുണ്ട്. ഇത്തരക്കാരെ പുറത്തുവിടാതിരിക്കാൻ വീട്ടുകാർ ശ്രദ്ധ പുലർത്തുന്നു. അച്യുതമനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസിന്റെ പഠനം അനുസരിച്ച് കേരളത്തിൽ 20 ശതമാനം പേരെങ്കിലും പ്രമേഹ രോഗികളാണ്. പകർച്ചേതര രോഗങ്ങൾ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറക്കുന്നതിനാൽ ഇത്തരക്കാർക്ക് പകർച്ചവ്യാധി പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിലും രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. ഇത്തരക്കാരെ പകർച്ചവ്യാധികൾ ബാധിക്കുമ്പോൾ പകർച്ചവ്യാധിയും പകർച്ചേതര വ്യാധികളും ഒരുപോലെ രൂക്ഷമാകുന്ന വിഷമ ഘട്ടത്തിലേക്ക് കേരളം നയിക്കപ്പെട്ടേക്കാമെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധൻ ഡോ. ബി. ഇഖ്ബാൽ ചൂണ്ടിക്കാട്ടുന്നു. പകർച്ചേതര രോഗങ്ങൾ ബാധിച്ച പ്രായാധിക്യമുള്ളവരിൽ ചെറിയൊരു വിഭാഗത്തിനു പോലും കൊറോണ ബാധിച്ചാൽ ലക്ഷണക്കണക്കിന് ആളുകൾക്ക് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സനൽകേണ്ടിവരും. ഇത്തരമൊരു സാഹചര്യം താങ്ങാനുള്ള ശേഷി കേരളത്തിനില്ലെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

കേരളത്തിൽ 15 ശതമാനത്തോളം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. 3.41 കോടി ജനസംഖ്യയിൽ 51 ലക്ഷത്തോളം പേർ മുതിർന്ന പൗരന്മാരാണ്. ഇവരിൽ അഞ്ച് ശതമാനത്തിനെങ്കിലും കൊറോണ ബാധിച്ചാൽ 2.5 ലക്ഷം പേർക്ക് വെന്റിലേറ്റർ ചികിത്സ വേണ്ടി വരും. കേരളത്തിലെ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിൽ ആകെ ഐ സി യു ബെഡ്ഡുകൾ 5,000ത്തിൽ താഴെ മാത്രമാണ്. 1,700 വെന്റിലേറ്ററുകൾ മാത്രമാണ് ഇവിടങ്ങളിലുള്ളത്. ശ്വാസ കോശ രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ, ഇവരിൽ പ്രായാധിക്യമുള്ളവർ പ്രത്യേകിച്ച് കൂടുതൽ കർശനമായ ജാഗ്രത പുലർത്തേണ്ട കാലത്ത് ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദേശിക്കപ്പെട്ടവർ വരുത്തുന്ന ചെറിയ വീഴ്ചകൾ പോലും ഗുരുതരമായ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്നവരും അവരുടെ കുടുംബങ്ങളും പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. ഇവർക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ സന്നദ്ധ പ്രവർത്തകരാണ് സഹായിക്കുന്നത്. തദ്ദേശ ഭരണ പ്രതിനിധികൾ വീട്ടു പരിസരത്തെത്തി ഇവരോട് ആശയ വിനിമയം നടത്തുന്നുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വീടുകളിൽ അവശ്യ വസ്തുക്കൾ എത്തിക്കാൻ രംഗത്തുണ്ട്. സൗജന്യറേഷൻ കിട്ടുന്നതിനു മുമ്പുള്ള അടിയന്തര ആശ്വാസം എന്ന നിലക്കാണ് അരിയും പലവ്യഞ്ജനങ്ങളും എത്തിക്കുന്നത്. പലർക്കും പണിയില്ലാതായതോടെ ഭക്ഷ്യ ധാന്യങ്ങൾ പോലും ഇല്ലാതായ വീടുകളും ധാരാളമുണ്ട്. ഇവർക്ക് ഏറെ ആശ്വാസം പകരുകയാണ് ഇത്തരം കിറ്റുകൾ.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest