Connect with us

Covid19

പ്രതിരോധം സുശക്ത സാമൂഹിക ഇടപെടൽ തന്നെ

Published

|

Last Updated

മുത്വലിബ്

കൊറോണാ മരണം ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പേരാമ്പ്രയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് മുത്തലിബിനെ കണ്ടുമുട്ടിയത്. നിപ്പാ എന്ന മാരക വൈറസ് സ്വന്തം വീട്ടിൽ മരണം വിതച്ചപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട പേരാമ്പ്ര സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട്ടിൽ മുത്തലിബ് കേരളത്തിന്റെ സുശക്തമായ സാമൂഹിക ഇടപെടലിന്റെ ജീവിക്കുന്ന തെളിവാണ്.

സമൂഹം നൽകിയ ആത്മവിശ്വാസത്തേക്കാൾ വലിയ മരുന്നില്ലെന്ന് മുത്തലിബ് പറയുന്നു. മലയാളിക്ക് കേട്ടു കേൾവിയില്ലാതിരുന്ന നിപ്പാ വൈറസ് ഉപ്പയേയും രണ്ട് സഹോദരങ്ങളേയും കവർന്നെടുത്ത ആ വീട്ടിൽ ഉമ്മക്കു താങ്ങായി ഇപ്പോൾ മുത്തലിബ് മാത്രം.
രോഗാതുരനായി അവസാന നിമിഷം ഉപ്പ മുത്തലിബിന്റെ കൈത്തണ്ടയിലേക്കു ഛർദ്ദിച്ചിരുന്നു. എന്നിട്ടും നിപ്പാ വൈറസ് തന്നെ മരണത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന് പറയുമ്പോൾ മുത്തലിബിന്റെ ഉള്ളം ഇപ്പോഴും നടുങ്ങും. നിപ്പായുടെ കാലത്ത് സർക്കാറും ആരോഗ്യ പ്രവർത്തകരും ജനങ്ങളും ചേർന്ന് സൃഷ്ടിച്ച പ്രതിരോധമാണ് നാടിനെ രക്ഷിച്ചത്. പൊതുജനാരോഗ്യത്തിൽ കേരളം പുലർത്തുന്ന ജാഗ്രതക്ക് സമാനതകളില്ല. എന്നിട്ടും രോഗാതുരമായ ഒരു ജനത എന്ന ചിത്രമാണ് മലയാളിയെക്കുറിച്ചുള്ളത്. വർധിച്ചുവരുന്ന ആയുർദൈർഘ്യം, ജനങ്ങളുടെ ഉയർന്ന ആരോഗ്യബോധം, രോഗ നിർണയ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ കാരണങ്ങളാൽ കേരളത്തിൽ വിവിധ രോഗങ്ങൾ വ്യാപകമാണെന്ന ചിത്രം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്ത് 2004 ൽ നടത്തിയ കേരളപഠനത്തിൽ സാധാരണക്കാർക്ക് ഗുരുതരമായ അസുഖങ്ങൾ വന്നാൽ ആശ്രയം സർക്കാർ ആശുപത്രികൾ തന്നെയാണെന്ന് കണ്ടിരുന്നു. എന്നാൽ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനും ടെസ്റ്റുകൾ നടത്തുന്നതിനും മറ്റുമായി പുറത്തുപോകേണ്ടി വരുന്നതായും ഇതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നതായും കണ്ടെത്തി. സർക്കാർ ആശുപത്രികൾ ഫലത്തിൽ ആന്തരിക സ്വകാര്യവത്കരണത്തിനു വിധേയമായെന്നും കണ്ടെത്തിയിരുന്നു.

കേരളത്തിന് വ്യക്തമായ ഒരു ആരോഗ്യ നയം ഇല്ലാത്തതായിരുന്നു ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥക്ക് കാരണമായി കേരള പഠനം കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ കൃത്യമായ ആരോഗ്യ നയം സൃഷ്ടിച്ചുകൊണ്ടാണ് കേരളം മുന്പോട്ടു പോകുന്നത്. കേരളത്തിന്റെ പൊതുആരോഗ്യമേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വൈറസ് രോഗങ്ങളുടെ വ്യാപനം പോലുള്ള പകർച്ച രോഗങ്ങൾ തടയുന്നതിന് കേരളത്തിന് മുൻകാലങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി മുന്നേറാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

സുശക്തമായ അങ്കൺവാടി ശൃംഖല, ആശാവർക്കർമാർ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ആരോഗ്യ പരിചരണത്തിൽ സാമൂഹികമായ ഇടപെടൽ ശക്തമാക്കിയിരിക്കുന്നു. കൈകഴുകൽ പോലുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ സന്നദ്ധ സംഘടനകളും തൊഴിലാളി- യുവജന പ്രസ്ഥാനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും വാണിജ്യ വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളുമെല്ലാം സ്വീകരിച്ച ജാഗ്രത വരും നാളുകളിലും ഉണ്ടായാൽ കേരളം ആരോഗ്യ രംഗത്തെ കരുതലിന് പുതിയ മാനം തീർക്കും.

കേരളീയരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ച സർക്കാർ ആശുപത്രികളുടെ സ്ഥിതി ഇടക്കാലത്ത് പരിതാപകരമായ അവസ്ഥയിലേക്ക് താഴ്ന്നു പോയിരുന്നു. പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ച ജനങ്ങൾക്ക് ഇവയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാക്കി. നിരവധി കാരണങ്ങളാൽ ദയനീയമായിരുന്ന സർക്കാർ ആശുപത്രികളുടെ സ്ഥിതി ഇപ്പോൾ ഏറെ മാറി. ആർദ്രം പദ്ധതി സർക്കാർ ആരോഗ്യ സേവനങ്ങളുടെ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) അസോഷ്യേറ്റ് പ്രൊഫ. ഡോ. ജെ ബി രാജൻ പറയുന്നു.

ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചെങ്കിലും രോഗാതുരമായ സമൂഹമായി തുടരുന്ന കേരളത്തിന്റെ അവസ്ഥക്ക് വലിയമാറ്റങ്ങൾ സൃഷ്ടിക്കാൻ ആരോഗ്യമേഖലയിലെ സർക്കാർ പ്രവർത്തനം പര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ തൊഴിലാളി മേഖല ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുമ്പോൾ മലയാളികൾ പൂർണമായി സേവന മേഖലകളിലേക്കു മാറുകയാണ്. ഇതു ജീവിത ശൈലീ രോഗങ്ങൾ വ്യാപകമാക്കിയാതായി അദ്ദേഹം വിശദമാക്കുന്നു. പണമുള്ളവന് മാത്രം ചികിത്സ എന്ന സൂപ്പർ സ്പെഷ്യാലിറ്റി സംസ്‌കാരത്തിൽ വീണുപോയിരുന്ന കേരളത്തിന്റെ ആരോഗ്യ രംഗം പൊതു ആരോഗ്യ സംവിധാനത്തിലേക്ക് അതിവേഗം തിരിച്ചു വരുന്നു എന്നത് പ്രതീക്ഷ നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സാംക്രമിക രോഗങ്ങൾ, പോഷണക്കുറവ് എന്നീ അവസ്ഥ മിക്കവാറും കുറഞ്ഞുവരുന്ന കേരളത്തിൽ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയാണ് കഴിഞ്ഞ ഒരു ദശകത്തിൽ പുതിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചത്. കേരളത്തിൽ പ്രധാനപ്പെട്ട മരണകാരണങ്ങളിൽ പകർച്ചവ്യാധികളും മറ്റുള്ളവയും കൂടി 13% മാത്രമേ മരണകാരണമാവുന്നുള്ളു. 87% മരണകാരണങ്ങളും പകർച്ചേതര വ്യാധികളാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest