Connect with us

Kozhikode

മാറുമോ കേരളത്തിന്റെ രോഗാതുരത?

Published

|

Last Updated

ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കെ, പ്രതിരോധത്തിന്റെ പാതയിൽ കേരളം സംഘടിതമായി മുന്നേറുകയാണ്. കാലങ്ങളായി പകർച്ചവ്യാധികളുടെ പറുദീസയാകുന്ന കേരളം രോഗ പ്രതിരോധത്തിന് സ്വീകരിക്കുന്ന പുതിയ ആരോഗ്യ ശീലങ്ങൾ അതിജീവനത്തിന്റെ നാഴികക്കല്ലായിരിക്കുമെന്നാണ് വിലയിരുത്തൽ.

കൈകഴുകൽ ഒരു തരംഗമായി പരിണമിച്ചിരിക്കെ കാലങ്ങളായി ആരോഗ്യ വിദഗ്ധർ പറഞ്ഞുകൊണ്ടിരിക്കുന്ന ആരോഗ്യശീലത്തിലേക്ക് മലയാളികൾ ഒന്നടങ്കം മാറുകയാണെന്നും ഇത് പ്രതീക്ഷ നൽകുന്നതാണെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയ സമിതി അംഗവും തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ്പ്രൊഫസറുമായ ഡോ. ടി എസ് അനിൽ പറയുന്നു.

കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യ മേഖലയിൽ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളീയ സമൂഹത്തിന്റെ രോഗാതുരത ചോദ്യചിഹ്നമായി നിൽക്കുകയാണ്.
അംഗീകൃത മാനദണ്ഡങ്ങളായ പൊതു മരണനിരക്ക്, ശിശു മരണനിരക്ക്, ആയുർദൈർഘ്യം എന്നിവയിൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലും വികസിത രാജ്യങ്ങൾക്ക് തുല്യവുമായ സൂചിക കേരളം നേടിയെങ്കിലും വായുജന്യ രോഗങ്ങളുടെ വ്യാപനത്തിൽ കേരളം ഭീതിജനകമായ അവസ്ഥയിലാണ്. തുമ്മുമ്പോൾ കൈകൊണ്ട് മറയ്ക്കുന്ന മലയാളിയുടെ ശീലം തന്നെയായിരുന്നു ഇതിനു കാരണം. ഈ കൈകൊണ്ടുള്ള ഹസ്തദാനം, കൈ പേരിന് നനച്ച ശേഷമുള്ള ഭക്ഷണ ശീലം എന്നിവ മലയാളികളുടെ കൂടെപ്പിറപ്പാണ്. ഇടക്കിടെ കൈ കഴുകിയാൽ വായുജന്യ രോഗങ്ങൾ തടയാമെന്ന വിദഗ്‌ധോപദേശങ്ങളെ കേരളം പുച്ഛിക്കുകയായിരുന്നു ഇതുവരെ. കൊറോണയുടെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിൽ രൂപപ്പെട്ട കൈകഴുകൽ സംവിധാനം സ്ഥിരമാകുകയും കൈ കഴുകൽ ശീലം മലയാളി ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്താൽ പകർച്ച രോഗങ്ങളിൽ നിന്ന് രക്ഷനേടാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

സാമൂഹിക നീതിയിലധിഷ്ഠിതമായി ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങൾക്കാകെ ലഭ്യമാക്കി എന്നതാണ് കേരള ആരോഗ്യ മാതൃകയുടെ സവിശേഷത. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച തിളക്കമാർന്ന മുന്നേറ്റം കേരള മാതൃക എന്ന പേരിൽ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോഴും കടുത്ത രോഗാതുര സമൂഹമെന്ന കളങ്കം കേരളത്തിനു മേൽ കരിനിഴൽ പടർത്തുന്നതാണ്.
കേരളം കൈവരിച്ച സാർവത്രിക വിദ്യാഭ്യാസം, ഉയർന്ന സാക്ഷരത, സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം, ഉയർന്ന ഗ്രാമീണ ജീവിത നിലവാരം, ശക്തമായ പൊതുവിതരണ സമ്പ്രദായം, സൗജന്യ പൊതുജനാരോഗ്യ സംവിധാനം എന്നിവ കേരളീയരുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകി.

എന്നാൽ, കേരള സംസ്ഥാനം നിലവിൽ വന്ന് അര നൂറ്റാണ്ട് പിന്നിട്ടപ്പോൾ ആരോഗ്യ മേഖല നിരവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുന്നതായാണ് വിവിധ പഠനങ്ങളിൽ വെളിപ്പെട്ടത്.
പകർച്ചവ്യാധികളുടെ തിരിച്ചുവരവും പുത്തൻ സാംക്രമിക രോഗങ്ങളുടെ കടന്നുവരവും അടക്കം പരിസ്ഥിതിജന്യ രോഗങ്ങളുടെ ആധിക്യമാണ് അതിൽ പ്രധാനം.
ജീവിതശൈലീ രോഗങ്ങളുടെ വർധന, സർക്കാർ ആശുപത്രികളുടെ പിന്നാക്കാവസ്ഥ, ആരോഗ്യമേഖലയുടെ സ്വകാര്യവത്കരണം തുടങ്ങിയവയും ആരോഗ്യ മേഖലയിലെ വലിയ പ്രതിസന്ധിയായി നിലനിൽക്കുകയായിരുന്നു.
ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ പുതിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കി. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങി ഏതാണ്ട് പൂർണമായി നിർമാർജനം ചെയ്‌തെന്ന് കരുതിയ പല രോഗങ്ങളും വീണ്ടും തലപൊക്കി. ക്ഷയരോഗം പൂർണ നിയന്ത്രണ വിധേയമായിട്ടില്ല. ജപ്പാൻ ജ്വരം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, പക്ഷിപ്പനി, കുരങ്ങുപനി തുടങ്ങി നിപ്പ വരെ പുതിയ തരം സാംക്രമിക രോഗങ്ങൾ ഓരോ ഇടവേളകളിൽ കേരളത്തിൽ പ്രത്യക്ഷപ്പെടുന്നു.

മാറിയ ജീവിതശൈലിയുടെ ഭാഗമായ സാമൂഹിക ശുചിത്വത്തിന്റെ അഭാവം പ്രധാനമായും സാംക്രമിക രോഗങ്ങളുടെ പുനരാവിർഭാവത്തിന് വഴിതെളിച്ചെന്നായിരുന്നു എല്ലാ പഠനങ്ങളും ചൂണ്ടിക്കാണിച്ചത്.
നാളെ: സുശക്തമായ സാമൂഹിക ഇടപെടൽ പ്രതീക്ഷ നൽകുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest