Connect with us

Editorial

സുരക്ഷാ മതില്‍ നാം പൊളിച്ചു കളയരുത്‌

Published

|

Last Updated

കൊറോണ വൈറസ് ബാധയെ നൂറ്റാണ്ടിന്റെ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്റെ സത്വര വ്യാപന ശേഷിയില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകാനിടയില്ല. വിദഗ്ധമെന്ന് തീര്‍ത്ത് പറയാനാകാത്ത ചില നിഗമനങ്ങളൊഴിച്ചാല്‍ ഈ വൈറസ് ബാധയെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നും വികസിപ്പിച്ചിട്ടുമില്ല. ചൂട് കൂടിയാല്‍ വൈറസ് ചത്ത് പോകുമെന്നും ഒരു ദിവസം മനുഷ്യരെല്ലാം വീടിനകത്ത് കഴിഞ്ഞാല്‍ വൈറസ് താനേ ഒടുങ്ങിക്കൊള്ളുമെന്നും ചിലര്‍ പറയുന്നുണ്ട്. ഒരടിസ്ഥാനവും ഈ വാദങ്ങള്‍ക്കില്ല. പശു മൂത്രം കുടിച്ചും ചാണകം തിന്നും മേലാകെ വാരിപൂശിയും ചില പൊട്ടപ്പോഴത്തക്കാരുമുണ്ട്. ഈ തമാശകള്‍ക്ക് അപ്പുറം വസ്തുത ഭയപ്പെടുത്തുന്നതാണ്. ഭയം വേണ്ട ജാഗ്രത മതിയെന്ന മുദ്രാവാക്യത്തിന് ഇനി പ്രസക്തിയില്ല. അഹങ്കാരം വെടിഞ്ഞ് ഭയത്തിലേക്കും ആത്മാര്‍ഥമായ അനുസരണയിലേക്കും മടങ്ങിയേ തീരൂ. ദിനംപ്രതി രോഗ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ലോകത്ത് 13,202 പേര്‍ മരിച്ചു. ഏതാണ്ട് മുഴുവന്‍ രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. 3,13,415 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അവരില്‍ 95,874 പേര്‍ക്ക് അസുഖം ഭേദമായി. ഇന്ത്യയില്‍ മരണം ഏഴ് ആയി. 365 പേര്‍ രോഗ ബാധിതരാണ്. കേരളത്തില്‍ ആരും മരിച്ചിട്ടില്ല, ഭാഗ്യം. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.

മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നു. കൊങ്കണ്‍ റെയില്‍വേ, കൊല്‍ക്കത്ത മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല. ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടും. അന്താരാഷ്ട്ര വിമാന ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണുള്ളത്. കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുന്ന തരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകള്‍ അടച്ചിടാനാണ് നിര്‍ദേശം. എന്നാല്‍ കാസര്‍കോട് ഒഴിച്ച് മറ്റിടങ്ങളില്‍ കടുത്ത നിയന്ത്രണം തത്കാലം വേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ രാജ്യത്താകെ നടന്ന ജനകീയ കര്‍ഫ്യൂ ഒരു പരീക്ഷണമായിരുന്നുവെന്നും അത് ആവര്‍ത്തിക്കുമെന്നുമാണ് മനസ്സിലാക്കേണ്ടത്.
വൈറസ് വ്യാപനത്തിന് നാല് ഘട്ടങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പയുന്നത്. വിദേശ രാജ്യത്ത് നിന്ന് രോഗവുമായി വരുന്ന ഘട്ടമാണ് ഒന്നാമത്തേത്. ഇത്തരമാളുകളെ മാത്രം കണ്ടെത്തി ഐസൊലേറ്റ് ചെയ്താല്‍ ഈ ഘട്ടത്തില്‍ പ്രശ്‌നം പരിഹരിക്കാം. വിദേശത്ത് നിന്ന് വന്നയാളില്‍ നിന്ന് രോഗം ഒരു പ്രാദേശിക വ്യക്തിയിലേക്ക് പടരുന്ന ലോക്കല്‍ ട്രാന്‍സ്മിഷന്‍ ഘട്ടമാണ് രണ്ടാമത്തേത്. എവിടെ നിന്ന് ലഭിച്ചുവെന്ന് ഒരു ധാരണയുമില്ലാതെ രോഗം പടരുന്ന ഘട്ടമാണ് മൂന്നാമത്തേത്. നാലാമത്തെ ഘട്ടത്തില്‍ ഒരു നിശ്ചയവുമുണ്ടാകില്ല. രോഗ ബാധിതരുടെ നിരവധി ക്ലസ്റ്ററുകള്‍ രൂപപ്പെടും. ഇന്ത്യയില്‍ കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഘട്ടമെത്തിയെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കാര്യങ്ങള്‍ അങ്ങോട്ട് തന്നെയാണ് അടുക്കുന്നത്. ഇറ്റലിയിലെയും ഇറാനിലെയും മറ്റും അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് രോഗത്തിന്റെ വ്യാപനം എല്ലാ നിഗമനങ്ങളെയും അപ്രസക്തമാക്കുമെന്നാണ്.

ഈ സാഹചര്യത്തില്‍ ഓരോരുത്തരും ഉയര്‍ന്ന ബോധം സൂക്ഷിക്കുകയും കരുതലോടെ പ്രവര്‍ത്തിക്കുകയും മാത്രമാണ് പോംവഴി. സര്‍ക്കാറിനോ ആരോഗ്യ സംവിധാനത്തിനോ ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും അമേരിക്കയുമൊക്കെ എത്ര വിപുലമായ ആരോഗ്യ സംവിധാനങ്ങളുള്ളവയാണ്. അവിടങ്ങളില്‍ ആയിരം പേര്‍ക്ക് ആറ് എന്ന നിലയിലാണ് കിടത്തി ചികിത്സക്കുള്ള സൗകര്യമെങ്കില്‍ ഇന്ത്യയില്‍ ഇത് ആയിരത്തിന് ഒന്ന് എന്ന അനുപാതത്തില്‍ പോലും ഇല്ലെന്ന് തിരിച്ചറിയണം. കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ തുടങ്ങിയാല്‍ ആദ്യം സ്തംഭിക്കുക ആശുപത്രികളുടെ പ്രവര്‍ത്തനമായിരിക്കും. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും രോഗത്തിന് അടിമപ്പെടും. അപ്പോള്‍ ആര് ചികിത്സിക്കും? കൊവിഡ് പ്രതിരോധം ഒരു വ്യക്തിപരമായ കാര്യമല്ലാതായിരിക്കുന്നു. എന്റെ ശരീരമല്ലേ, എനിക്ക് രോഗം വന്നോട്ടേ എന്ന് ചിന്തിച്ച് മാറി നില്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഒരാള്‍ക്ക് രോഗം വരികയും അയാള്‍ ഐസൊലേഷന് വിധേയമാകാതിരിക്കുകയും ചെയ്താല്‍ ഒരു നാടാകെയാണ് രോഗാവസ്ഥയിലേക്ക് പോകുക. കരുതലിന് തയ്യാറാകാത്ത ഓരോരുത്തരും ഈ സമൂഹത്തെ രോഗത്തിന് വിട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. ബോളിവുഡ് ഗായിക കണിക കപൂര്‍ ആയാലും പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയവരായാലും കാസര്‍കോട്ടുകാരനായാലും ചെയ്തത് എത്ര വലിയ ദ്രോഹമാണ്. അവര്‍ എന്ത് ന്യായീകരണം പറഞ്ഞാലും ഈ പാതകത്തില്‍ നിന്ന് കൈ കഴുകാനാകില്ല.
പ്രബുദ്ധ കേരളം എന്നത് ഒരു വലിപ്പത്തരം മാത്രമാണെന്ന് തോന്നിപ്പോകും ചിലരുടെ പെരുമാറ്റം കണ്ടാല്‍. യാതൊരു ഉത്തരവാദിത്വവുമില്ലാതെ തെരുവിലേക്ക് ഇറങ്ങുകയാണ്.

അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞാല്‍ അത് അനുസരിക്കുന്നതിന് പകരം കറങ്ങി നടന്നേ ഒക്കൂ എന്ന് നിശ്ചയിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും ദിവസങ്ങളുടെ കഠിനാധ്വാനത്തില്‍ പടുത്തുയര്‍ത്തിയ സുരക്ഷയുടെ മതില്‍ ഒറ്റയടിക്ക് പൊളിച്ചു കളയുന്നവരാണ് ഇവര്‍. കൊവിഡിന്റെ ഇന്‍കുബേഷന്‍ പിരീഡ് ഒന്ന് മുതല്‍ 14 ദിവസം വരെയാണ്. അതായത്, ശരീരത്തില്‍ അത് കയറിപ്പറ്റിയാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ പതിനാല് ദിവസം വരെ എടുത്തേക്കാം. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മുന്നേ തന്നെ വൈറസ് ബാധിതനായ ആളില്‍ നിന്ന് അത് പകരാനും തുടങ്ങും. ക്വാറന്റൈന്‍ 14 ദിവസം മതിയാകില്ലെന്നാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങള്‍ ആരെയും ബുദ്ധിമുട്ടാക്കാനല്ലെന്ന് മനസ്സിലുറപ്പിക്കണം. വൈകി വിവേകം വന്നിട്ട് ഒരു കാര്യവുമില്ല. രോഗത്തിന്റെ പിടിയിലമര്‍ന്ന് ജനജീവിതം ദുസ്സഹമായ എല്ലാ രാജ്യങ്ങളുടെയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തരും തയ്യാറാകണം.