Connect with us

Covid19

ലോക്ഡൗണ്‍ ജനം ഗൗരവത്തില്‍ എടുക്കുന്നില്ല; നിയമം കര്‍ശനമാക്കണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനം തടയാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ പലരും ഇപ്പോഴും ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി.

“പലരും ഇപ്പോഴും ലോക്ക്ഡൗണ്‍ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 80 ജില്ലകളെ പൂര്‍ണ്ണമായും പൂട്ടിയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

ഡല്‍ഹി, ജാര്‍ഖണ്ഢ്, ബീഹാര്‍, ജമ്മുകാശ്മീര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ ഈ മാസം 31 വരെ അടച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ പത്ത് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് ഈ ജില്ലകള്‍. ഇതു സംബന്ധിച്ച സംസ്ഥാന ഗവ. തീരുമാനം ഇന്നുണ്ടായേക്കും.

Latest