Connect with us

Covid19

കൊവിഡ് 19; കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍, നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍. രാജസ്ഥാന്‍ മാര്‍ച്ച് 31വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. പൊതു ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവക്കും. ഓഫീസുകളും അടച്ചിടും. മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെ അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുക. മുംബൈയില്‍ മാര്‍ച്ച് 31 വരെ സബര്‍ബന്‍ ട്രെയിനുകളില്‍ പൊതുജനങ്ങള്‍ യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ചികിത്സാവശ്യാര്‍ഥം പോകുന്നവര്‍ എന്നിവര്‍ക്കു മാത്രമാണ് ട്രെയിനില്‍ യാത്ര ചെയ്യാനാവുക.

ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളില്‍ മുഴുവന്‍ സ്ഥാപനങ്ങളും കടകളും മാര്‍ച്ച് 25വരെ അടച്ചിടും. ഈ നഗരങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ താത്ക്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ അതിര്‍ത്തി അടയ്ക്കും. ഇതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാര്‍ച്ച് 31 വരെ നിരോധനമേര്‍പ്പെടുത്തി.

കേരളത്തില്‍ ശനിയാഴ്ച 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ കണ്ണൂര്‍ ജില്ലയിലും ആറ് പേര്‍ കാസര്‍കോട്ടും മൂന്നു പേര്‍ എറണാകുളത്തുമാണ്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നു.

Latest