Connect with us

Covid19

വീട്ടിലിരിക്കാം; രാജ്യം ഇന്ന് നിശ്ചലം

Published

|

Last Updated

ന്യൂഡൽഹി/ തിരുവനന്തപുരം | കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനകീയ കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനം ഇന്ന് വീടുകളിലിരിക്കും. അത്യാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. വിവിധ സംസ്ഥാനങ്ങൾ ജനതാ കർഫ്യൂവിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഇതോടെ രാജ്യം ഇന്ന് നിശ്ചലമാകും. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നാണ് നിർദേശം.

ഒപ്പമുണ്ട് കേരളം

കേരളത്തിൽ കെ എസ് ആർ ടി സി, കൊച്ചി മെട്രോ, പാസഞ്ചർ ട്രെയിനുകൾ, ഓട്ടോ- ടാക്‌സി ഉൾപ്പെടെയുള്ള പൊതുഗതാഗതം ഇന്ന് സ്തംഭിക്കും. ഇതോടൊപ്പം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിടും. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ നേരത്തേ അറിയിച്ചിരുന്നു.
ജനതാ കർഫ്യൂ പൂർണ വിജയമാക്കാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. കൊറോണ ബാധയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി ആശുപത്രികളിലും മറ്റു സ്ഥലങ്ങളിലും അധികനേരം പ്രയത്‌നിക്കുന്ന സഹോദരങ്ങൾക്ക് നന്ദി പറയാൻ ഈ സന്ദർഭം വിനിയോഗിക്കണമെന്നും ഗവർണർ പറഞ്ഞു.
ഡൽഹി മെട്രോ ഇന്ന് സർവീസ് നടത്തില്ല.
ഷോപ്പിംഗ് മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. ഓഫീസുകൾ പ്രവർത്തിക്കില്ല. നിർമാണ മേഖലയും നിശ്ചലമാകും. അവശ്യ സേവനങ്ങളെ എല്ലാ സംസ്ഥാനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

റെയിൽവേ ഇന്ന് സർവീസ് നടത്തില്ല. 3,700 സർവീസുകൾ രാജ്യത്താകമാനം റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. പാസഞ്ചർ, എക്‌സപ്രസ്സ് ട്രെയിനുകൾ ഒരു സ്റ്റേഷനിൽ നിന്നും പുറപ്പെടില്ലെന്നും റെയിൽവേ വ്യക്തമാക്കി.
ഡൽഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലെ ഇൻട്രാസിറ്റി ട്രെയിൻ സർവീസുകൾ പരമാവധി എണ്ണം കുറക്കും.

ഡൽഹിയിലെ ഗുഡ്ഗാവിൽ കൊവിഡ് ബാധിതരെ കണ്ടെത്താൻ പ്രത്യേക ദൗത്യസേനയെ നിയോഗിച്ചു.
പശ്ചിമ ബംഗാളിൽ ബസ് സർവീസ് നിർത്തിവെച്ചു.
പശ്ചിമ ബംഗാളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പത്താം ക്ലാസ് പരീക്ഷയും മാറ്റിവെച്ചു.
ഡൽഹി, മുംബൈ ഉൾപ്പടെയുള്ള വലിയ നഗങ്ങളിൽ റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ളവക്ക് ശക്തമായ നിയന്ത്രണം തുടരുന്നുണ്ട്.

Latest