പൂട്ടുവീഴണം മദ്യഷാപ്പുകള്‍ക്കും

Posted on: March 20, 2020 10:38 am | Last updated: March 20, 2020 at 10:38 am

EDITകൊറോണ രോഗപ്രതിരോധത്തിന് കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയത്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മതാധ്യാപന സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. സി ബി എസ് ഇ പൊതുപരീക്ഷകള്‍ വരെ നിര്‍ത്തിവെച്ചു. ആരാധനാലയങ്ങളില്‍ സന്ദര്‍ശകരുടെ വരവിനും വിശ്വാസികളുടെ ഒത്തുകൂടലിനും നിയന്ത്രണം പ്രഖ്യാപിച്ചു. പൊതുസമ്മേളനങ്ങളും ആഘോഷ പരിപാടികളും റദ്ദാക്കി. എന്നാല്‍ ബാറുകളും ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലകളും അടക്കുകയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയന്ത്രണം മദ്യവില്‍പ്പന ശാലകള്‍ക്കും ബാധകമാക്കി അവ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ഉള്‍പ്പെടെ വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും ആവശ്യപ്പെട്ടെങ്കിലും ഷാപ്പുകള്‍ അടക്കേണ്ടതില്ലെന്നാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനം.
മദ്യശാലകള്‍ അടച്ചിട്ടാല്‍ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് ഇതിനു സര്‍ക്കാര്‍ മുന്‍വെക്കുന്ന ന്യായീകരണം. സാനിറ്റൈസേഷന്‍ സാമഗ്രികളുടെ നിര്‍മാണത്തിനും മറ്റുമായി മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നടക്കം സ്പിരിറ്റ് നല്‍കുന്നുണ്ടെന്നിരിക്കെ, മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് ലഭിക്കാതാകുമ്പോള്‍ ഇത്തരം വസ്തുക്കളെ ദുരുപയോഗം ചെയ്യുകയും അത് ജീവന് തന്നെ ഭീഷണിയാകുകയും ചെയ്യുമത്രെ! അതേസമയം, കേരളം കൊറോണ വൈറസിന്റെ കാര്യത്തില്‍ മൂന്നാം സ്റ്റേജിലേക്ക് പ്രവേശിക്കുകയും വ്യക്തികള്‍ തമ്മിലും വ്യക്തികളും സമൂഹവും തമ്മിലും നിശ്ചിത അകലം പാലിക്കേണ്ട നിര്‍ബന്ധിത സാഹചര്യം സംജാതമാകുകയും ചെയ്തിരിക്കെ മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് അതിനേക്കാള്‍ വലിയ ദുരന്തത്തിനു വഴിവെക്കുമെന്നാണ് ഐ എം എയുടെ വിലയിരുത്തല്‍.
ഇരിപ്പിടങ്ങള്‍ ഒന്നര മീറ്റര്‍ അകലത്തില്‍ ക്രമീകരിക്കുക, ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകളുടെ മുമ്പില്‍ 30 പേരില്‍ കൂടുതല്‍ വരിനില്‍ക്കാതിരിക്കുക തുടങ്ങി ചില ക്രമീകരണങ്ങള്‍ എക്‌സൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിന് അത് സഹായകമല്ല. 30 പേര്‍ ഒത്തുചേര്‍ന്നാല്‍ പോരെ രോഗപ്പകര്‍ച്ചക്ക്. മദ്യഷാപ്പിലെത്തുന്നവരില്‍ നല്ലൊരു പങ്കും മൂക്കറ്റം കുടിക്കും. സ്വബോധം നഷ്ടപ്പെട്ട ഇവരെങ്ങനെ നിയന്ത്രണങ്ങള്‍ പാലിക്കാനാണ്. ജനങ്ങള്‍ ഒത്തുചേരുന്ന മറ്റേതൊരു കേന്ദ്രത്തേക്കാളും അപകടകരവും രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ളതുമാണ് മദ്യഷാപ്പുകള്‍. ബാറിലെ മങ്ങിയ വെളിച്ചത്തില്‍ ആരോഗ്യകരമല്ലാത്ത രീതിയിലാണ് മദ്യപാനികള്‍ ഗ്ലാസുകളും മറ്റു ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നത്. എന്നിട്ടും അത് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം ലജ്ജാകരമാണ്. മുഴുക്കുടിയന്മാരല്ലാത്ത, സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവരെല്ലാം സര്‍ക്കാറിന്റെ ഈ നിലപാടിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ബിവറേജ് കോര്‍പറേഷന് കീഴിലുള്ള മദ്യഷാപ്പുകള്‍ പൂട്ടാന്‍ സര്‍ക്കാറിനോടാവശ്യപ്പെടുന്ന ഹരജി കോടതിയുടെ പരിഗണനക്കു വന്നിട്ടുമുണ്ട്.

മദ്യ ദുരന്തത്തെക്കുറിച്ച ഭീതിയല്ല, മദ്യവില്‍പ്പനയിലൂടെ പൊതു ഖജനാവിലെത്തുന്ന ഭീമമായ തുക മുടങ്ങുമെന്ന ഭീതിയാണ് നിലവിലെ ഭീതിദ സാഹചര്യത്തിലും മദ്യഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിന്റെ പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്. സംസ്ഥാനവും ജനങ്ങളും കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും മദ്യഷാപ്പുകളെ അത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം ദിനം പ്രതി 40 കോടി രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍ തുടങ്ങിയവ വഴിയുള്ള വില്‍പ്പന വേറെയും. സര്‍ക്കാറിന്റെ വരുമാനത്തില്‍ മദ്യവില്‍പ്പനക്ക് നിര്‍ണായക പങ്കുണ്ട്. അതും കൂടി നിലച്ചാല്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ദൈനംദിന ഭരണച്ചെലവുകള്‍ക്ക് മാര്‍ഗമില്ലാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുമെന്ന് ആശങ്കിക്കുന്നുണ്ട് സര്‍ക്കാര്‍. ഇതു പക്ഷേ മദ്യഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിനെ ന്യായീകരിക്കില്ല.

വ്യാജ മദ്യം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളേക്കാള്‍ ഗുരുതരമായിരിക്കും നിലവിലെ സാഹചര്യത്തില്‍ മദ്യഷാപ്പുകളിലെ ഒത്തുചേരലുകളും ആള്‍ക്കൂട്ടങ്ങളും വരുത്തിവെക്കുന്നതെന്ന് ഭരണ കേന്ദ്രങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.
അതിനിടെ മദ്യം കൊറോണയെ ചെറുക്കുമെന്ന പ്രചാരണം വ്യാപകമായിട്ടുണ്ട്. “ആല്‍ക്കഹോള്‍ ഉപയോഗിക്കൂ സുരക്ഷിതരായിരിക്കൂ’ എന്നൊരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നു. വെജിറ്റേറിയന്‍ ഭക്ഷണവും രസവും പ്രതിവിധിയാണെന്ന പ്രചാരണവും നടന്നു വരുന്നു. ഗോമൂത്രം കൊറോണയെ തടയുമെന്ന ഹിന്ദു മഹാസഭയുടെ വാദത്തെ പോലെ തീര്‍ത്തും നിരര്‍ഥകമാണ് ഈ പ്രചാരണവും. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ ആരോഗ്യ വിദഗ്ധര്‍ ഇത് വ്യക്തമാക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസും എക്‌സൈസ് വകുപ്പും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്. മദ്യം ശരീരത്തിനകത്തെ വൈറസിനെ നശിപ്പിക്കും, ആല്‍ക്കഹോള്‍ സ്‌പ്രേ ചെയ്താല്‍ വൈറസിനെ പ്രതിരോധിക്കും എന്നിങ്ങനെയുള്ള പ്രചാരണത്തിനു യാതൊരു ശാസ്ത്രീയാടിത്തറയും ഇല്ലെന്നു മാത്രമല്ല, ആല്‍ക്കഹോള്‍ സ്‌പ്രേ ചെയ്യുന്നത് കണ്ണുകളെയും വായയെയും ദോഷകരമായി ബാധിക്കുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് കൊറോണയെങ്കിലും ഇപ്പോള്‍ അത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്. അതിനാല്‍ മാംസാഹാരം ഒഴിവാക്കേണ്ട കാര്യമില്ലെന്നും ആരോഗ്യ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. രോഗ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ആരോഗ്യവകുപ്പിന്റെ സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാണ്. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വശംവദരാകാതെ ഇത്തരം ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിച്ചായിരിക്കണം കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്വേഷിച്ചറിയേണ്ടത്.