Connect with us

Kerala

പതിമൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: നാലു വര്‍ഷത്തിനു ശേഷം മാതാവും ബന്ധുവും അറസ്റ്റില്‍

Published

|

Last Updated

കളിയിക്കാവിള | പതിമൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന് നാലു വര്‍ഷത്തിനു ശേഷം മാതാവും ബന്ധുവും അറസ്റ്റില്‍. കളിയിക്കാവിള മലയടി അല്ലച്ചിനാം വിളവീട്ടില്‍ വസന്ത (49), ബന്ധുവും മലയടി സ്വദേശി ഇരട്ടകുഴിവിള വീട്ടില്‍ സുബണന്‍ (35) എന്നിവരെയാണ് ലാല്‍മോഹന്‍ എന്ന കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തത്.

2016ലാണ് കേസിനാസ്പദമായ സംഭവം. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതോടെ വസന്ത സുബണനുമായി അടുക്കുകയായിരുന്നു. ഒരു ദിവസം അമ്മയോടൊപ്പം സുബണനെ കണ്ട ലാല്‍മോഹന്‍ ഇതേച്ചൊല്ലി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് പ്രകോപിതനായ സുബണന്‍ സമീപത്തുണ്ടായിരുന്ന ചങ്ങലയെടുത്ത് ലാല്‍മോഹന്റെ കഴുത്തില്‍ കുരുക്കുകയായിരുന്നു.

മരണം ഉറപ്പായതോടെ വസന്ത മകന്റെ വായില്‍ മയക്കു ഗുളിക വച്ച് വെള്ളമൊഴിച്ചു. മകന്‍ ഗുളിക കഴിച്ചു അബോധാവസ്ഥയിലായെന്നു നാട്ടുകാരോടു പറഞ്ഞ ശേഷം പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെ നിന്ന് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. വസന്തയുമായി തെറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പിതാവ് മകന്റെ മരണവാര്‍ത്ത അറിഞ്ഞ് തിരിച്ചെത്തി. പിന്നീട് മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൊലപാതകം സ്ഥിരീകരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Latest