Connect with us

National

'ഞാന്‍ സ്വതന്ത്രനായിരിക്കുന്നു, എന്നാല്‍ മറ്റു നേതാക്കളും മോചിതരായാലേ അത് പൂര്‍ണമാകൂ': ഫാറൂഖ് അബ്ദുല്ല

Published

|

Last Updated

ന്യൂഡല്‍ഹി | “ഇപ്പോള്‍ എനിക്ക് പറയാനൊന്നുമില്ല. ഞാന്‍ സ്വതന്ത്രനായിരിക്കുന്നു.”- വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെതാണ് ഈ പ്രതികരണം. ഏഴു മാസത്തിനു ശേഷമാണ് ഫാറൂഖ് മോചിതനാകുന്നത്. എന്നാല്‍, തടങ്കലില്‍ കഴിയുന്ന മുഴുവന്‍ നേതാക്കളും മോചിതരാകുന്നതു വരെ തന്റെ സ്വാതന്ത്ര്യം പൂര്‍ണമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിക്കു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഫാറൂഖ് ഉള്‍പ്പടെയുള്ള നേതാക്കളെ വീട്ടു തടങ്കലിലാക്കിയത്. സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടി എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണം. അവരവരുടെ വസതികളില്‍ തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ലയെയും മെഹ്ബൂബ മുഫ്തിയെയും ഇനിയും മോചിപ്പിച്ചിട്ടില്ല. വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാവുന്ന പൊതു സുരക്ഷാ നിയമ (പി എസ് എ) പ്രകാരമാണ് മൂന്നു നേതാക്കളെയും തടവിലാക്കിയിരുന്നത്.

എല്ലാവരും സ്വതന്ത്രരാകുന്നതു വരെ ഞാന്‍ രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കില്ലെന്ന് കറുത്ത ജുബ്ബയും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ശ്രീനഗറിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ 83കാരനായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. “എന്റെ ജനത സ്വതന്ത്രരാക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷ. ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വതന്ത്രരാകും. നാം ദീര്‍ഘകാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം കൈവരുന്നതിനായി ദൈവത്തോടു പ്രാര്‍ഥിക്കാം.”- ഉമര്‍ പറഞ്ഞു.

Latest