Connect with us

Covid19

കൊവിഡ് 19 : ഇറ്റലിയില്‍നിന്നെത്തിയ 42 പേരെ നിരീക്ഷണത്തിലാക്കി; പ്രവാസി കുടുംബം സന്ദര്‍ശിച്ച പുനലൂരിലെ ബന്ധുക്കള്‍ക്ക് രോഗമില്ല

Published

|

Last Updated

കൊച്ചി | കൊവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നിന്ന് നടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 42 മലയാളികളെ നിരീക്ഷണത്തിലാക്കി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ഇറ്റലിയില്‍നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വെക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇറ്റലിയില്‍നിന്നെത്തുന്നവര്‍ രോഗബാധയില്ലെന്ന രേഖ കരുതണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പ് ഇറ്റലിയില്‍നിന്നും പുറപ്പെട്ട സംഘമാണ് ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്. അതേ സമയം 45 ഓളം മലയാളികള്‍ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

അതിനിടെ  ഇറ്റലിയില്‍ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരെത്തിയ പുനലൂരിലെ ബന്ധു വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം ഇറ്റലിയില്‍ നിന്നും കഴിഞ്ഞ ദിവസമെത്തിയ 3 വയസുകാരനും മാതാപിതാക്കള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്‌സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോള്‍.