Connect with us

Bahrain

കൊവിഡ് 19: കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ ജയിലിലടക്കും

Published

|

Last Updated

അബുദാബി | കൊവിഡ് 19 വൈറസ് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍
നവ മാധ്യമ നിയമ പ്രകാരം വന്‍ തുക പിഴ ചുമത്തുന്നതിന് പുറമെ കുറ്റക്കാരെ ജയിലില്‍ അടക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവോ 30 ലക്ഷം ദിര്‍ഹം വരെ പിഴയോ ലഭിക്കാവുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച ആളുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്ന ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഭയവും അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കുന്നു- പോലീസ് ചൂണ്ടിക്കാട്ടി.

വ്യാജ വിവരങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കടുത്ത നിയമ ലംഘനമാണ്. കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ അബുദാബി സായിദ് യൂണിവേഴ്‌സിറ്റിയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് പ്രചരിച്ചിരുന്നു. ഉടന്‍ തന്നെ യൂണിവേഴ്‌സിറ്റി അഭ്യൂഹങ്ങള്‍ നിഷേധിക്കുകയും വിദ്യാര്‍ത്ഥികളെയും സ്റ്റാഫുകളെയും ഭയപ്പെടുത്തുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കൊവിഡ് 19 വൈറസ് അല്ലെങ്കില്‍ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച ആളുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ അധികൃതര്‍ മാത്രമേ നല്‍കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആരോഗ്യപ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പൊതു ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് 19 നെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളും കൃത്യമായ വിവരങ്ങള്‍ക്കായി മുഖ്യധാരാ മാധ്യമങ്ങളും പിന്തുടരണമെന്നും ഉദ്യോഗസ്ഥര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest