Connect with us

National

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു; മധ്യപ്രദേശില്‍ കമല്‍നാഥിന്റെ വീഴ്ച ഉറപ്പായി

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഭാവി അപകടത്തിലാക്കി വന്‍ രാഷ്ട്രീയ അട്ടിമറി. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാര്‍ രാജിവെച്ചു. മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാര്‍ കൂട്ടരാജി നല്‍കിയത്. ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ച വെെകീട്ട് ആറിന് ഔദ്യോഗികമായി ബിജെപിയിൽ ചേരും.

മന്ത്രിമാരായ തുളസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജ്പുത്, ഡോ. പ്രഭുറാം ചൗധരി, ഇമാര്‍ട്ടി ദേവി, പ്രദ്യുമ്‌ന സിംഗ് തോമര്‍, മഹേന്ദ്ര സിംഗ് സിസോഡിയ എന്നിവരും എംഎല്‍എമാരായ ഹര്‍ദീപ് സിംഗ് ഡാങ്, രാജ്യവര്‍ദ്ധന്‍ സിംഗ്, ബ്രജേന്ദ്ര സിംഗ് യാദവ്, ജസ്പാല്‍ ജജ്ജി, സുരേഷ് ധാക്കാദ്, ജസ്വന്ത് ജാതവ്, സാന്ദ്രം സിറോണിയ, മുന്നാലാല്‍ ഗോയല്‍, രണ്‍വീര്‍ സിംഗ് ജാതവ്, ഒ.പി.എസ് ഭഡോറിയ, കമലേഷ് ജാതവ്, ഗിരിരാജ് ദണ്ടോതിയ, രഘുരാജ് കന്‍സാന, ബിയാസാഹുലാല്‍ സിംഗ് എന്നിവരുമാണ് നിയമസഭയില്‍ നിന്ന് രാജിവെച്ചത്. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുമെന്ന് ഉറപ്പായി.

മധ്യപ്രദേശ് നിയമസഭയില്‍ 230 എംഎല്‍എമാരാണുള്ളത്. അതില്‍ 2018 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 114 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കേവലഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുണ്ടായിരുന്നതിനാല്‍ നാല് എംഎല്‍എമാരുള്ള ബിഎസ്പിയുടെയും ഒരു എംഎല്‍എ ഉള്ള എസ്പിയുടെയും പിന്തുണയോടെയാണ് കമല്‍നാഥിന് കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്.

മറുവശത്ത്, ബിജെപിക്ക് 109 എംഎല്‍എമാരുണ്ട്. നാല് സ്വതന്ത്ര എംഎല്‍എമാരും സഭയിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരായ 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതോടെ കോണ്‍ഗ്രസിന് ഭരണം തുടരാനാകാത്ത സ്ഥിതിയാണുള്ളത്. ഇവര്‍ സഭ വിട്ടതോടെ സഭയുടെ ശക്തി 208 ആയി ചുരുങ്ങും. ഈ ഘട്ടത്തില്‍ ബിജെപിക്ക് 105 എംഎല്‍എമാരും കോണ്‍ഗ്രസിന് 92 എംഎല്‍എമാരും എന്നതാകും കണക്കുകള്‍. ഇത് ബിജെപിക്ക് ലളിതമായി സര്‍ക്കാര്‍ രൂപവത്കരണത്തിന് വഴിയൊരുക്കും.

രാജസ്ഥാനിലും കര്‍ണാടകയിലും പയറ്റിവിജയിച്ച അതേ തന്ത്രമാണ് ബിജെപി ഇപ്പോള്‍ മധ്യപ്രദേശിലും നടപ്പിലാക്കിയിരിക്കുന്നത്. വോട്ട് നേടി അധികാരത്തില്‍ എത്താന്‍ സാധിക്കാത്തിടങ്ങളില്‍ മറുഭാഗത്തെ എംഎല്‍എമാരെ ചാക്കിട്ട്പിടിച്ച് ഭരണം ഉറപ്പിക്കുകയാണ് ബിജെപി അജണ്ട.

Latest