Connect with us

Editorial

ഡല്‍ഹിയില്‍ സര്‍ക്കാര്‍ സഹായം അപര്യാപ്തം

Published

|

Last Updated

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഹന്ദുത്വ ഭീകരതക്ക് അറുതിയായെങ്കിലും ഇരകള്‍ക്ക് അത് വരുത്തിവെച്ച ദുരിതങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആസൂത്രിത വംശഹത്യാ ശ്രമത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. നൂറുകണക്കിനാളുകളാണ് ഗുരുതര പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ പലര്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ല. വര്‍ഗീയജ്വരം ബാധിച്ച ചില ഡോക്ടര്‍മാരും ആശുപത്രി അധികൃതരും മനുഷ്യത്വപരമല്ലാത്ത പെരുമാറ്റമാണ് ഇരകളോട് കാണിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സുപ്രീം കോടതി മുന്‍ ജഡ്ജിമാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നത് വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുകയും കത്തിക്കരിയുകയും ചെയ്ത ദയനീയ ദൃശ്യങ്ങളാണ് അവിടെയെങ്ങും കാണാനായതെന്നാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ അനുഭവങ്ങളും ഹൃദയഭേദകമാണ്. ക്യാമ്പിലുള്ളവര്‍ക്ക് തങ്ങള്‍ ഇനി എവിടേക്കാണ് തിരിച്ചു പോകേണ്ടതെന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചു പോയാല്‍ താമസിക്കാന്‍ പറ്റിയ സാഹചര്യമില്ല. ക്യാമ്പിലെ പല സ്ത്രീകള്‍ക്കും തങ്ങളുടെ പുരുഷന്മാര്‍ എവിടെയാണെന്നറിയില്ല. ഹിന്ദുത്വരുടെ ഭീകരാക്രമണത്തിനിടെ ജീവന്‍ രക്ഷിക്കാന്‍ എവിടേക്കോ ഓടിരക്ഷപ്പെട്ടതോ കൊല്ലപ്പെട്ടതോ ആകാം. ജസ്റ്റിസ് എ കെ പട്‌നായിക്, ജസ്റ്റിസ് വിക്രംജിത് സെന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍.
മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷവും വീട് പൂര്‍ണമായി നശിച്ചവര്‍ക്ക് അഞ്ച് ലക്ഷവും ഭാഗികമായി തകര്‍ന്നവര്‍ക്ക് രണ്ടര ലക്ഷവും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് തീര്‍ത്തും അപര്യാപ്തമാണ്.

മാത്രമല്ല, കടകള്‍ തകര്‍ക്കപ്പെട്ടവരും കൊള്ളയടിക്കപ്പെട്ടവരും കച്ചവടത്തിനു ഉപയോഗിച്ചിരുന്ന ഉന്തുവണ്ടികള്‍ തകര്‍ക്കപ്പെട്ടവരും നിരവധിയുണ്ട്. അവര്‍ക്കും ആവശ്യമായ സഹായധനം ലഭ്യമാക്കേണ്ടതുണ്ട്. വീട് അഗ്നിക്കിരയാക്കപ്പെട്ടതിനാല്‍ പലര്‍ക്കും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയവയും നഷ്ടപ്പെടുകയുണ്ടായി. ഇതുമൂലം സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിമിതമായ നഷ്ടപരിഹാരം തന്നെ ലഭ്യമാകുമോ എന്ന ഭീതിയിലാണിവര്‍. കലാപകാരികള്‍ അഴിഞ്ഞാടിയ മുസ്തഫാബാദിലെ ഇരകള്‍ ഈ ആശങ്ക മാധ്യമപ്രവര്‍ത്തകരോട് പങ്ക് വെക്കുകയുണ്ടായി. രാജ്യത്ത് മുമ്പ് നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരയായവരുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അവരുടെ ആശങ്ക ഒരിക്കലും അസ്ഥാനത്തല്ല. നഷ്ടപ്പെട്ട രേഖകള്‍ രണ്ടാമതും ഉണ്ടാക്കിയെടുക്കുക ശ്രമകരവുമാണ്. തീവ്രവാദി ആക്രമണങ്ങള്‍, നക്‌സല്‍ ആക്രമണങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയിലെ ഇരകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. രണ്ട് മാസം മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇരകള്‍ക്ക് നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം പുതിയത് ലഭ്യമാക്കുന്നതില്‍ സംസ്ഥാന, ദേശീയ നിമയ സേവന അതോറിറ്റികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെങ്കിലും അവര്‍ പൊതുവെ നിഷ്‌ക്രിയരാണെന്നാണ് റിപ്പോര്‍ട്ട്. അക്രമ പ്രദേശങ്ങളില്‍ തുടക്കത്തില്‍ ഇരകള്‍ക്ക് താത്കാലിക താമസ സംവിധാനം ഏര്‍പ്പെടുത്തിയത് പോലും മനുഷ്യാവകാശ കമ്മീഷനും വഖ്ഫ് ബോര്‍ഡും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ്. വളരെ വൈകിയാണ് സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സര്‍ക്കാറിന്റെ ഈ നിസ്സംഗതയും അലംഭാവവും ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമാകുകയുണ്ടായി. അക്രമം ഏറെക്കുറെ കെട്ടടങ്ങിയ സാഹചര്യത്തില്‍ ഇനി വേണ്ടത് എല്ലാം നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരെ പുതിയ വീടുകളും കച്ചവട, തൊഴില്‍ സൗകര്യങ്ങളും നല്‍കി അവരുടെ സ്വന്തം താമസ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കാനുള്ള അടിയന്തര നടപടികളാണ്.

ഇക്കാര്യത്തില്‍ കോഴിക്കോട്ടെ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ പോലുള്ള സ്ഥാപനങ്ങളും സി പി എം, മുസ്‌ലിംലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ചില സന്നദ്ധ സംഘടനകളും രംഗത്തു വന്നത് ആശാവഹമാണ്. തകര്‍ക്കപ്പെട്ട വീടുകള്‍ക്ക് പകരം 60 പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാനും തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വാങ്ങിക്കൊടുക്കാനും മര്‍കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നാശനഷ്ടത്തിന്റെ ഭീമമായ തോത് പരിഗണിക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ സഹായ സഹകരണങ്ങള്‍ അപര്യാപ്തമാണ്. ഇത്തരം സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും കൂടുതല്‍ സംഖ്യ അനുവദിക്കുകയും ചെയ്‌തെങ്കിലേ ഇത് കാലതാമസം കൂടാതെ സാധ്യമാക്കാനാകുകയുള്ളൂ. അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ജുഡീഷ്യല്‍ സംഘം മുന്നോട്ട് വെച്ച പ്രധാന നിര്‍ദേശങ്ങളിലൊന്നും ഇതാണ്.

കലാപത്തിനും വര്‍ഗീയ ആക്രമണത്തിനും ഇരയായവര്‍ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ താത്കാലിക ക്യാമ്പുകളില്‍ ദുരിത ജീവിതം അനുഭവിക്കാന്‍ ഇടയാകാറുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയും യു പിയിലെ മുസാഫര്‍പൂരില്‍ ഹിന്ദുത്വര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിക്കപ്പെട്ടവര്‍ മാസങ്ങളോളമാണ് അവിടെ ദുരിത ജീവിതം അനുഭവിച്ചത്. ഈയൊരു സ്ഥിതിവിശേഷം ഡല്‍ഹി വംശഹത്യാ ആക്രമണത്തിലെ ഇരകള്‍ക്ക് വരാതിരിക്കാന്‍ സംസ്ഥാന ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ബാബരി മസ്ജിദ് ധ്വംസനത്തിനും ഗുജറാത്ത് വംശഹത്യക്കും ശേഷം മതേതര ജനാധിപത്യ ഇന്ത്യക്കേറ്റ മറ്റൊരു വന്‍കളങ്കമാണ് ഡല്‍ഹി വംശഹത്യ. ഇറാന്‍, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയും സംഭവത്തില്‍ നടുക്കവും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തുകയുണ്ടായി. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ചു നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര സഭ അപേക്ഷ നല്‍കിയത് ആഗോളതലത്തില്‍ ഇത് സൃഷ്ടിച്ച പ്രതിഷേധത്തിന്റെ തീവ്രതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. അക്രമത്തിന്റെ പാടുകളും മുറിവുകളും ഉണക്കി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ എത്രയും വേഗത്തില്‍ സമാധാനം ഉറപ്പ് വരുത്തുകയും പഴയ നില പുനഃസ്ഥാപിക്കുകയുമാണ് ഈ കളങ്കം മായ്ച്ചു കളയുന്നതില്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ഇനി ചെയ്യാനുള്ളത്. കേന്ദ്രത്തില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. സംസ്ഥാന സര്‍ക്കാറെങ്കിലും ഇതിന് മുന്‍കൈയെടുത്തെങ്കില്‍.