Connect with us

Covid19

കൊവിഡ് 19: പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടി ഐസൊലേഷന്‍ വാര്‍ഡില്‍

Published

|

Last Updated

പത്തനംതിട്ട |  കൊവിഡ് 19 സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ രണ്ട് വയസുള്ള കുട്ടിയെ പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗ സംശയത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ കാണാതായത്. രോഗികളുമായി അടുത്തിടപഴകിയവരുടെ പട്ടികയില്‍ സെക്കന്ററി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളയാളാണ് കാണാതായയാള്‍. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ രക്തസാമ്പിള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് അധികൃതരുടെ ശ്രദ്ധമാറിയപ്പോള്‍ ഓടിപ്പോവുകയായിരുന്നു.

പത്തനംതിട്ടയില്‍ അഞ്ചും കൊച്ചിയില്‍ മൂന്ന് വയസുകാരിയുമടക്കം ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുടെ മാതാപിതാക്കളും ഐസൊലേഷന്‍ വാര്‍ഡിലാണ്.
ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. രോഗം മറച്ചുവെക്കുന്നവരുടേയും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനെ പുറത്തുകടക്കുന്നവരുടേയും പേരില്‍ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണുള്‌ലത്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.

Latest