Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ്

Published

|

Last Updated

കൊച്ചി |പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് ആലുവയിലെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡ്. കേസില്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചാം പ്രതിയാണ്. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി തേടിയ ശേഷം രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്.

കേസിന്റെ തുടര്‍നടപടി എന്ന നിലയിലാണ് പരിശോധന നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ സൂചന. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ അന്വേഷണ സംഘം സെക്രട്ടേറിയറ്റില്‍ നിന്നും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നും ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളൊ ബാങ്ക് ഇടപാടുകളുടെ രേഖകളൊ ലഭിക്കുമോ എന്നറിയുന്നതിനാണ് പരിശോധന.

മുന്‍ പിഡബ്ലിയുഡി സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. മന്ത്രി ഒപ്പ് വെച്ച ശേഷമാണ് കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയതെന്നായിരുന്നു സൂരജിന്റെ മൊഴി. അതേ സമയം മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിസഭാ യോഗതീരുമാനപ്രകാരമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം. എന്നാല്‍ ഇത് തള്ളിക്കളഞ്ഞാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തത്.

Latest