Connect with us

Gulf

കൊവിഡ് 19: സഊദിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

|

Last Updated

ദമാം/റിയാദ്/ജിദ്ദ | സഊദിയില്‍ കൂടുതല്‍ കൊവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം. കൊറോണ ബാധ കണ്ടെത്തിയവര്‍ ഖത്വീഫ് പ്രവിശ്യയില്‍ നിന്നുള്ളവരായതിനാല്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് ഗവര്‍ണറേറ്റിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറസ് ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്

പ്രതിരോധ നടപടികള്‍ ശക്തമാക്കി

രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പുതുതായി രോഗം കണ്ടെത്തിയ മൂന്നു പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഇറാനില്‍ നിന്ന് യു എ ഇ വഴി രാജ്യത്തെത്തിയ ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് അവധി

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് അവധി. സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. ആസന്നമായ സി ബി എസ് ഇ പരീക്ഷയുടെ കാര്യത്തില്‍ ഉന്നത അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് അവധി നല്‍കിയതെന്നും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സഊദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി തൗഫീഖ് അല്‍ റിബിഅ പറഞ്ഞു .

രാജ്യത്തെ പള്ളികള്‍ കേന്ദ്രീകരിച്ചു നടത്തിവരുന്ന മതപഠന ക്ലാസുകളും നിര്‍ത്തിവച്ചിട്ടുണ്ട്. മക്കയിലെ കിസ്വ നിര്‍മാണ ഫാക്ടറി, പബ്ലിക് ലൈബ്രറി, ഹറം എക്‌സിബിഷന്‍ എന്നിവിടങ്ങളിലേക്കും താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഉംറ വിലക്ക് തുടരുന്നു

കൊറോണ ഭീതിയെ തുടര്‍ന്ന് ഉംറ തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ആഭ്യന്തര
തീര്‍ഥാടകര്‍ക്ക് മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കും രാജ്യത്തേക്ക് ടൂറിസ്റ്റ് വിസകളില്‍ വരുന്നവര്‍ക്കുള്ള നിരോധനവും തുടരും.

വ്യാഴാഴ്ച മുതല്‍ മത്വാഫിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം ശനിയാഴ്ച സുബ്ഹി മുതല്‍ ഒഴിവാക്കിയിരുന്നു. കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്നതിനാല്‍ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയുടെ ഭാഗമായാണ് താത്ക്കാലിക നിയന്ത്രണമെന്നും നിയന്ത്രണം നീക്കുന്നത് വരെ ഉംറ തീര്‍ഥാടകര്‍ക്ക് മത്വാഫിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് രാജ്യത്ത് ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി കോസ്വേയിലൂടെ രാജ്യത്തെത്തിയ സഊദി പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Latest