Connect with us

Covid19

തത്കാലം പ്രണയം അവിടെ നിൽക്കട്ടെ; കൊറോണ കാലമാണ്

Published

|

Last Updated

ഇറ്റലിക്കാരായ ആൻഡ്രേ ബെല്ലിയും അന്റോണല്ലാ സ്‌കാനോയും

ബികാനീർ | 20 വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് ഇറ്റലിക്കാരായ ആൻഡ്രേ ബെല്ലി(56)യും അന്റോണല്ലാ സ്‌കാനോ(50)യും പറയുന്നത്. രാജസ്ഥാനിലെ ബികാനീറിൽ വെച്ച് വിവാഹതരാകണമെന്നായിരുന്നു ഇരുവരുടെയും മോഹം. അതും ഹിന്ദു ആചാരപ്രകാരം. ഇതിനായി ഇരുവരും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ബികാനീറിൽ എത്തുകയും ചെയ്തു.
എന്നാൽ, കൊറോണ എല്ലാം തകിടം മറിച്ചു. ഉടൻ ഡൽഹിയിലേക്ക് മടങ്ങാൻ അധികൃതർ അവരോട് നിർദേശിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബികാനീറിൽ എത്തി വിവാഹവേദിയൊക്കെ നിശ്ചയിച്ചിരുന്നു. കല്യാണം നടത്താനുള്ള പൂജാരിയെയും ഏർപ്പാടാക്കി. ശനിയാഴ്ചയായിരുന്നു നിശ്ചയിക്കപ്പെട്ട തീയതി. എല്ലാം ഒരുക്കാൻ അതത് കമ്പനികൾക്ക് കരാർ നൽകി. സർവ ആഡംബരങ്ങളോടും കൂടിയ സമ്പൂർണ രാജസ്ഥാനി കല്യാണമാണ് പ്ലാൻ ചെയ്തിരുന്നത്.

ഇതുപ്രകാരം മാർച്ച് മൂന്നിന് തന്നെ വിവാഹ പാർട്ടി ജെയ്പൂരിൽ ഇറങ്ങി. വധുവിന് ഇന്ത്യൻ രീതിയുള്ള വസ്ത്രങ്ങളൊക്കെ വാങ്ങി. അഞ്ചിന് ബികാനീറിലേക്ക് തിരിച്ചു. അപ്പോഴാണ് ഇറ്റാലിയൻ യാത്രക്കാർ മുഴുവൻ ഡൽഹിയിൽ ഇറ്റാലിയൻ എംബസിയിൽ എത്തണമെന്ന് കർശന നിർദേശം വന്നത്. ജില്ലാ കലക്ടർമാർക്ക് ഇതു സംബന്ധിച്ച് നിർദേശം പോയിരുന്നു. വധൂവരൻമാർ താമസിക്കാൻ നിശ്ചയിച്ചിരുന്ന ഹോട്ടൽ കിഷൻ പാലസ് ഉടമക്കും നിർദേശം ലഭിച്ചിരുന്നു.

വിവാഹം റദ്ദാക്കി നാട്ടിലേക്ക് മടങ്ങുക മാത്രമാണ് ഇനി കമിതാക്കൾക്ക് മുമ്പിലെ വഴി. അതേസമയം, ഉടൻ മടങ്ങണമെന്ന ഉത്തരവ് പിന്നീട് റദ്ദാക്കിയെന്നും ആശയവിനിമയത്തിൽ വന്ന പാകപ്പിഴ മൂലമാണ് അത്ര കർശനമായ ഉത്തരവ് ഇറക്കിയതെന്നും അധികൃതർ പറയുന്നു.

ഇത് കടുത്ത നിരാശ സമ്മാനിക്കുന്നതാണ്. അവർ അത്രക്കും ആശിച്ചതായിരുന്നു. എല്ലാ ഒരുക്കങ്ങളും പാഴായി. ഇത്ര ലാഘവത്തോടെ സ്വപ്നങ്ങൾ തല്ലിക്കൊഴിക്കരുത്- ബെല്ലിയുടെ സഹോദരി പവോല ബെല്ലി പറഞ്ഞു. രാജസ്ഥാനിലെത്തിയ ഇറ്റലിക്കാർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Latest