Connect with us

Kozhikode

രാഷ്ട്രീയ താത്പര്യങ്ങൾക്ക് മഹല്ല് ഭരണങ്ങളിൽ കലഹങ്ങൾ ഉണ്ടാകരുത്: കാന്തപുരം

Published

|

Last Updated

കോഴിക്കോട് | രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മഹല്ല് ഭരണങ്ങളിൽ കലഹങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ഉമറാ സമ്മേളനം മർകസ് നോളജ് സിറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ടിന് വേണ്ടിയുള്ള വീറും വാശിയും മഹല്ല് കൈകാര്യങ്ങിലേക്ക് കടന്നു വരുന്നത് ഒരിക്കലും അനുവദിച്ചു കൂടായെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂൾ വിദ്യാർഥികളിലും മറ്റും കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും വ്യാപനം അധികമായി കൊണ്ടിരിക്കുകയാണ്. നാട്ടിലെ ഉമറാക്കൾ (പൗരപ്രമുഖർ) ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
നാട്ടിൽ വ്യാപിക്കുന്ന വിവിധ തരത്തിലുള്ള പകർച്ച വ്യാധികൾ ഉത്കണ്ഠാജനകമാണ്. ജാഗ്രത പുലർത്തുന്നതോടൊപ്പം എല്ലാവരും പ്രാർഥനാനിരതരാവണമെന്നും കാന്തപുരം പറഞ്ഞു.

ഗ്രാമീണ തലങ്ങളിൽ ജനകീയ കൂട്ടായ്മകൾ കൂടുതൽ ശക്തിപ്പെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉമറാസമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. വീക്ഷണ വ്യത്യാസങ്ങൾ സർഗാത്മകമാകണം.
വൈവിധ്യങ്ങളെ പരസ്പരം വിശകലനം ചെയ്യാം. അത് വെറുപ്പിലേക്കെത്താൻ പാടില്ല. മതവീക്ഷണങ്ങളേയും വൈജാത്യങ്ങളേയും പരസ്പരം അടിച്ചേൽപ്പിക്കരുതെന്നും പ്രമേയം അഭ്യർഥിച്ചു.
സൗഹൃദം സാധ്യമാണ് എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലയിലെ അറുനൂറോളം യൂനിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തോളം പ്രതിനിധികളാണ് സംബന്ധിച്ചത്. ഖുർആൻ വെളിച്ചം, ബഹുസ്വര ഇന്ത്യയിൽ മുസ്‌ലിം ജീവിതം, മഹല്ലുകൾ കർമ ഭൂമിക, ഉമറാ ദൗത്യം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.

മർകസ് നോളജ് സിറ്റിയിലെ ഹുദൈബിയ്യയിൽ രാവിലെ സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം പതാക ഉയർത്തി.
സയ്യിദ് അലി ബാഫഖി തങ്ങൾ, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മജീദ് കക്കാട്, സയ്യിദ് ത്വാഹാ തങ്ങൾ, സി പി സൈതലവി ചെങ്ങര സംബന്ധിച്ചു.

Latest