Connect with us

National

ഇരകളുടെ ഹൃദയം കവർന്ന് മലയാളികൾ

Published

|

Last Updated

അക്രമികൾ അഗ്നിക്കിരയാക്കിയ സ്‌കൂൾ ബസിന്റെ അറ്റകുറ്റപ്പണി നടക്കുന്നു

ന്യൂഡൽഹി | ഏതൊരു വർഗീയ കലാപവും അവശേഷിപ്പിക്കുന്ന ഭയവും സംശയവും തന്നെയാണ് ഇപ്പോഴും വടക്കു കിഴക്കൻ ഡൽഹിയിലും കാണുന്നത്. ഇന്നലെ വരെ ഒരേ ഗല്ലിയിൽ ഒരുമിച്ചു കഴിഞ്ഞവർക്കിടയിൽ പരസ്പര വിശ്വാസം നഷ്ടമായിരിക്കുന്നു. ആരാണ് ശത്രു, ആരാണ് മിത്രം എന്നറിയാത്ത അവസ്ഥ. സംശയത്തിന്റെ മുൾമുനയിലാണ് ഏവരും. അപരിചിതരെ കാണുമ്പോൾ അവർ ഭയക്കുന്നു. ചോദ്യങ്ങളോട് മുഖം തിരിക്കുന്നു.

[irp]

എന്നാൽ, കേരളത്തിൽ നിന്നുള്ളവരാണെന്ന് കേൾക്കുമ്പോൾ അവർ ആശ്വാസപൂർവം അടുത്തേക്കുവിളിക്കുന്നു. കത്തിക്കരിഞ്ഞ വീട്ടിലും കൊല്ലപ്പെട്ടവരുടെ വീട്ടിലുമെല്ലാം അവർ വിളിച്ചു കയറ്റുന്നു. വട്ടം കൂടി അടുത്തിരുന്ന് സങ്കടങ്ങളും വേദനയും പങ്കുവെക്കുന്നു. മലയാളികൾ അവർക്ക് ആശ്വാസമായിത്തീരുകയാണ്. അവർ കേരളത്തെക്കുറിച്ച് ഏറെ ആവേശത്തോടെ സംസാരിക്കുന്നു. വിവിധ ഭാഷാ മാധ്യമ പ്രവർത്തകരോടു പോലും സംസാരിക്കാൻ തയ്യാറാകാത്തവർ മലയാളികളോട് മനസ്സ് തുറക്കുന്നു. “കേരളം ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് ഇവിടേക്ക് ഓടിയെത്തിയിരിക്കുന്നു. എവിടെ നോക്കിയാലും മലയാളികൾ… കേരളത്തിന്റെ ഈ സ്‌നേഹവും സാന്ത്വനവും ഡൽഹിക്ക് മറക്കാനാകില്ല”- എ ഐ സി സി അംഗവും നാല് തവണ ഗോണ്ഡ എം എൽ എയുമായിരുന്ന ഭിഷം ശർമ സിറാജിനോട് പറഞ്ഞു.

[irp]

മുസ്തഫാബാദിൽ അദ്ദേഹം ചെയർമാനായ മോഡേൺ പബ്ലിക് സീനിയർ സെക്കൻഡറി സ്‌കൂൾ അക്രമികൾ കത്തിച്ചുകളഞ്ഞിട്ടുണ്ട്. സ്‌കൂൾ ബസുകളും ലാബുകളും ഉൾപ്പെടെ കോടികളുടെ നഷ്ടമാണ് ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിന് ഉണ്ടായത്. സ്‌കൂളിന്റെ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തു നിന്നാണ് അദ്ദേഹം മലയാളികളുടെ സ്‌നേഹസാന്നിധ്യത്തെ കുറിച്ച് പറഞ്ഞത്.
വർഗീയമായി വേർതിരിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിന്റെ അപകടം ആദ്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച സംസ്ഥാനമെന്ന നിലിയിൽ ഇന്ത്യയിലെ പൊരുതുന്ന എല്ലാ ജനങ്ങളും കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന കേരളം വർഗീയതക്കെതിരാണെന്ന വിശ്വാസമാണ് മലയാളികളോടുള്ള ഇരകളുടെ സ്‌നേഹത്തിന് പിന്നിലെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു.

[irp]

വിവിധ ആശുപത്രികളിലെ മലയാളി നഴ്‌സുമാരും ആശുപത്രി ജീവനക്കാരും പരുക്കേറ്റവരോടും അവരുടെ ബന്ധുക്കളോടും പുലർത്തിയ സഹാനുഭൂതിയും ഇരകൾക്ക് വലിയ ആശ്വാസമാണ് പകർന്നത്. കേരളത്തിന്റെ ഉന്നതമായ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്വേഷമോ അപ്രീതിയോ ഇല്ലാതെ എല്ലാവരേയും പരിചരിച്ചു. ഇത് ജനങ്ങൾക്കിടയിൽ മലയാളികളുടെ അഭിമാനമുയർത്തി. പരുക്കേറ്റ് വന്നവരും ബന്ധുക്കളും ആശുപത്രിയിലും സംശയാലുക്കളായിരുന്നു. എന്നാൽ, നല്ല പരിചരണം ലഭിച്ചപ്പോൾ അവർക്ക് വിശ്വാസമുണ്ടായി. ഇക്കാര്യത്തിൽ മലയാളി നഴ്‌സുമാർ വലിയ പങ്ക് വഹിച്ചതായി ജി ടി ബി ആശുപത്രിയിലെ നഴ്‌സായ തിരുവല്ല സ്വദേശി അനിൽ പറഞ്ഞു.
നിരവധി മലയാളി കൂട്ടായ്മകളാണ് കലാപ ഭൂമിയിൽ സ്വന്തം ജീവൻ പോലും ഗൗനിക്കാതെ ഓടിയെത്തിയത്. അവശ്യ സാധനങ്ങളടങ്ങിയ കിറ്റുമായി മലയാളി സംഘങ്ങൾ വീടുകൾ കയറിയിറങ്ങി. ജീവിതം പഴയ നിലയിൽ ആകുന്നതു വരെ ഇത്തരം കിറ്റുകളായിരുന്നു ഇവർക്ക് ആശ്വാസം.

---- facebook comment plugin here -----

Latest