Connect with us

Editorial

കൊവിഡ് 19നെതിരെ വിവേകത്തോടെ, ഭീതി കൂടാതെ

Published

|

Last Updated

കേരളം വീണ്ടും കൊറോണ വൈറസ് (കൊവിഡ് 19) ഭീതിയിലേക്ക് വീണിരിക്കുന്നു. ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് രോഗ ബാധിതരും കേരളത്തിലായിരുന്നു. ഇവരെയും ഇവരുമായി ബന്ധം പുലര്‍ത്തിയവരെയും യഥാസമയം ക്വാറന്റൈന്‍ ചെയ്യാനും മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങാനും സാധിച്ചത് കൊണ്ട് വ്യാപനം തടയാനായി. അത് വലിയ ആശ്വാസവും ഒരര്‍ഥത്തില്‍ അഭിമാനവുമാണ് സംസ്ഥാനത്തിന് നല്‍കിയത്. നിപ്പാ കാലത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ച നമ്മുടെ ആരോഗ്യ സംവിധാനം ആഗോളതലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടു. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരും നെഗറ്റീവ് ഫലം കാണിച്ചതോടെ അക്ഷരാര്‍ഥത്തില്‍ കേരളം ആശ്വാസ നിശ്വാസമയച്ചു. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് അധികൃതര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, അന്ന് തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ ആശങ്കയാണ് ഇന്നലെ പുലര്‍ന്നിരിക്കുന്നത്. പുറത്തേക്ക് വ്യാപകമായി സഞ്ചരിക്കുന്ന ഒരു ജനതയെന്ന നിലയില്‍ ലോകത്തെവിടെയുള്ള പ്രതിസന്ധിയും നമ്മെ നേരിട്ട് ബാധിക്കുമെന്നും ജാഗ്രത ശക്തമായി തുടരണമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ പത്തനംതിട്ട സ്വദേശികളാണ്. സംസ്ഥാന ദുരന്തം പിന്‍വലിച്ചപ്പോഴും ജാഗ്രത വെടിഞ്ഞിട്ടില്ലാത്ത ആരോഗ്യ വകുപ്പും മന്ത്രിയും അനുബന്ധ ഉദ്യോഗസ്ഥരും കൂടുതല്‍ ഊര്‍ജസ്വലരായി പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയെന്നത് ആത്മവിശ്വാസം പകരുന്നതാണ്.

പക്ഷേ, മന്ത്രി വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നവയാണ്. ഇറ്റലിയില്‍ നിന്ന് വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ബന്ധുക്കള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ നിന്ന് വന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്. എന്നാല്‍ അവര്‍ അത് നിഷേധിച്ചുവെന്നും മന്ത്രി അറിയിച്ചു. പിന്നീട് നിര്‍ബന്ധിച്ച് സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നുവെന്നും അതില്‍ കൊറോണ വൈറസ് പോസിറ്റീവ് ആയി ഫലം വരികയായിരുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. രോഗ സാധ്യതകളുണ്ടായിട്ടും അടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പോകാതിരിക്കുന്നതും മറച്ചുവെച്ചതും കുറ്റകരമായി കണക്കാക്കേണ്ടതാണ്. കൊറോണ ബാധിത മേഖലകളില്‍ നിന്ന് തിരിച്ചു നാട്ടില്‍ വന്നവരുണ്ടെങ്കില്‍ അടിയന്തരമായി ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രത്യേകിച്ച് ഇറാന്‍, ഇറ്റലി, സഊദി, കൊറിയ, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ടയില്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ ഇതൊന്നും പാലിച്ചില്ല. ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയത് കോട്ടയത്തെ ബന്ധുക്കളായിരുന്നുവെന്നും ഇവര്‍ എസ് പി ഓഫീസ് സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇത് പൂര്‍ത്തിയാകുമ്പോഴറിയാം രോഗസാധ്യത എത്ര വിപുലമാണെന്ന്.
മറ്റ് പല വൈറസുകളെയും പോലെ കൊവിഡ് 19ന്റെയും പ്രത്യേകത അത് മനുഷ്യ ശരീരത്തില്‍ കടന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എന്നതാണ്. എന്നുവെച്ചാല്‍ അദ്ദേഹത്തിന് രോഗമില്ലെന്നോ പകര്‍ച്ചാ സാധ്യതയില്ലെന്നോ അല്ല. അതുകൊണ്ട് പ്രദേശം പ്രധാനമാണ്. രോഗം പടര്‍ന്ന പ്രദേശത്ത് നിന്ന് വരുന്ന മുഴുവന്‍ പേരെയും രോഗസാധ്യതയുള്ളവരായി കാണേണ്ടി വരും. ഇപ്പറയുന്നത് അല്‍പ്പം ക്രൂരമാണെന്നും അനുഭവിക്കുന്നവര്‍ക്കേ അതറിയൂ എന്നും ചിലര്‍ പറഞ്ഞേക്കാം. പക്ഷേ, വസ്തുത അതാണ്. ഇറ്റലിയില്‍ നിന്നെത്തി രോഗ പരിശേധനക്ക് വിധേയമാകാതെ വീട്ടുകാരുമായും നാട്ടുകാരുമായും സമ്പര്‍ക്കം പുലര്‍ത്തിയതാണല്ലോ ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചതിന് കാരണം. പകര്‍ച്ച വ്യാധിയില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനേക്കാളും പ്രധാനമാണ് മറ്റുള്ളവരിലേക്ക് അത് പകരുന്നതിനുള്ള സാധ്യത അടക്കുകയെന്നത്. എനിക്ക് രോഗം വന്നോട്ടെ, അത് എന്റെ വിഷയമാണ് എന്ന് പറയാനാകില്ല. ഇത് എല്ലാവരുടെയും പ്രശ്‌നമാണ്. വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തരക്കാരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കാതിരുന്നത് ജാഗ്രതക്കുറവായി തന്നെ കാണേണ്ടി വരും. ഇറ്റലിയില്‍ നിന്നുള്ള രോഗബാധിതര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കുക എന്നതാണ് ഇനിയുള്ള പ്രതിവിധി. ഫെബ്രുവരി 29ന്റെ ക്യൂ ആര്‍ 126 വെനീസ്- ദോഹ ഫ്‌ളൈറ്റിലോ അവിടെ നിന്ന് ഖത്വര്‍ എയര്‍വേയ്‌സിന്റെ ക്യൂ ആര്‍ 514 ദോഹ- കൊച്ചി ഫ്‌ളൈറ്റിലോ യാത്ര നടത്തിയവര്‍ എത്രയും പെട്ടെന്ന് ദിശ നമ്പറിലോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സഹകരിക്കാനുള്ള ഉത്തരവാദിത്വം ഈ യാത്രക്കാര്‍ കാണിക്കണം.

കേരളത്തില്‍ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചുവെന്ന യാഥാര്‍ഥ്യത്തോട് വിവേകത്തോടെ പ്രതികരിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. സ്വയം വിദഗ്ധന്‍ ചമഞ്ഞ് വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കരുത്. ഇത്തരം വ്യാജ പ്രചാരകരെ വിശ്വസിക്കരുത്. ആരോഗ്യ വിദഗ്ധര്‍ കൂട്ടായി ഇരുന്ന് ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഭീതിയല്ല ജാഗ്രതയാണ് പരിഹാരം. ലോകത്താകെ പടര്‍ന്നു കഴിഞ്ഞ വൈറസ് ബാധ ആഗോള സാമ്പത്തിക ക്രമം തകര്‍ത്തിരിക്കുന്നു. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയെ കൊവിഡ് 19 പിടിച്ചപ്പോള്‍ തന്നെ ലോകമൊട്ടാകെ അതിന്റെ പ്രതിഫലനമുണ്ടായി. ഉത്പന്ന കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ ആഘാതമുണ്ടായി. വിനോദസഞ്ചാര മേഖല താറുമാറായി. പല കമ്പനികളും തൊഴിലാളികളെ വീട്ടിലിരുത്താന്‍ തുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു നിസ്സഹായാവസ്ഥയാണിത്. എങ്ങനെ വരുന്നു വൈറസുകള്‍? എങ്ങനെയാണ് ഓരോ വരവിലും അവ കൂടുതല്‍ ഉഗ്രരൂപം പ്രാപിക്കുന്നത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മനുഷ്യന്‍ പകച്ചു നില്‍ക്കുകയാണ്. ഈ അവസ്ഥ നമ്മെ കൂടുതല്‍ വിനീതരാക്കേണ്ടതാണ്. കൂടുതല്‍ പ്രാര്‍ഥനാനിരതരാക്കേണ്ടതുമാണ്.

Latest