Connect with us

Covid19

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്നു

Published

|

Last Updated

തിരുവനന്തപുരം | കൊച്ചിയിലും പത്തനംതിട്ടയിലുമായി ആറ് പേര്‍ക്ക്ഡ് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നടപടികള്‍ കൂടുതല്‍ വിപുലീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0471 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍. സംശയ നിവാരണത്തിനായും വിവരങ്ങള്‍ കൈമാറുന്നതിനായും കോള്‍ സെന്ററിലേക്ക് വിളിക്കാം.

പത്തനംതിട്ടയിലും കൊല്ലത്തുമായി 20 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ ആശുപത്രിയിലുള്ളവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ആടൂര്‍ താലൂക്കാശുപത്രിയില്‍ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരുമാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി നൂറ്കണക്കിന് പേര്‍ നിരീക്ഷണത്തിലാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ടവരുടെ ശ്രവങ്ങളില്‍ നടത്തിയ പരിശോധനയുടെ ഫലം ഇന്ന് വരും.

ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് അവരുടെ രണ്ട് കുടുംബങ്ങളുമുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചത്. കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗ സ്ഥിരീകരണം. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2,000 പേരെ കണ്ടെത്താനുള്ള വലിയ ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Latest