Connect with us

Editorial

രാഷ്ട്രീയമാകരുത് ശിക്ഷാ ഇളവിന് മാനദണ്ഡം

Published

|

Last Updated

തടവുപുള്ളികൾക്ക് ശിക്ഷാകാലാവധിയിൽ ഇളവ് നൽകുന്നതിനു കക്ഷിരാഷ്ട്രീയം മാനദണ്ഡമാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജയിൽ ഉപദേശകസമിതിക്ക് സമർപ്പിക്കാനായി ആഭ്യന്തര വകുപ്പിനു കഴിഞ്ഞ വാരത്തിൽ കൈമാറിയ നിർദേശങ്ങളിലാണ് 14 വർഷം പൂർത്തിയാക്കിയ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകുന്നത് അവരുടെ സ്വഭാവം മുൻനിർത്തി മാത്രമായിരിക്കണമെന്നും മറ്റു താത്പര്യങ്ങൾ ഇക്കാര്യത്തിൽ കടന്നു വരരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടത്. പരോൾ അനുവദിക്കുന്നതിൽ കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാ തടവുകാർക്കും തുല്യപരിഗണന നൽകണമെന്നും ഇതിനെതിരേ പ്രവർത്തിക്കുന്ന ജയിൽ, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജുഡീഷ്യൽ അംഗം പി മോഹനദാസും സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു.

[irp]

ജീവപര്യന്തം ഉൾപ്പെടെ വിവിധ ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ച് 14 വർഷം പൂർത്തിയാക്കിയ തടവുകാർക്ക് അവരുടെ സ്വഭാവം പരിഗണിച്ചു ഇളവ് നൽകാൻ ജയിൽചട്ടം അനുവദിക്കുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി തുടങ്ങി ദേശീയ ആഘോഷ ദിനങ്ങളിലും ഇളവ് നൽകാൻ വ്യവസ്ഥയുണ്ട്. ഇതൊരു സ്വാഭാവിക നടപടിയാണ്. എല്ലാ കാലത്തും സർക്കാറുകൾ ചെയ്യുന്ന കാര്യവുമാണ്. 1953 ൽ ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ സന്തോഷസൂചകമായി ആന്ധ്രാസർക്കാർ സംസ്ഥാനത്തെ മുഴുവൻ തടവുകാരെയും അന്ന് വിട്ടയച്ചിരുന്നു. ഇങ്ങന ശിക്ഷാഇളവ് നൽകുമ്പോൾ അധികൃതർ പലപ്പോഴും കക്ഷികളുടെ നല്ല നടപ്പിനേക്കാൾ രാഷട്രീയ താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കമ്മീഷൻ ഇപ്പോൾ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. ജീവപര്യന്തം തടവുകാർക്ക് എത്ര ഇളവ് ലഭിച്ചാലും സുപ്രീം കോടതി വിധിയനുസരിച്ചു 14 വർഷം തടവ് പൂർത്തിയാക്കണം. സ്ത്രീകളെയു കുട്ടികളെയും വയോധികരെയും വധിക്കൽ, മയക്കുമരുന്ന് കേസ്, രാജ്യദ്രോഹ പ്രവർത്തനം, വാടകക്കൊലയാളികൾ, കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊല നടത്തിയവർ തുടങ്ങി ഗുരുതര കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കു ഇളവ് അനുവദിക്കരുതെന്നും ജയിൽ ചട്ടത്തിൽ പറയുന്നു. ഇതെല്ലാം ഏട്ടിലെ പശുമാത്രമാണെന്നാണ് കഴിഞ്ഞ കാലങ്ങളിലെ ശിക്ഷാഇളവ് ചരിത്രം പരിശോധിക്കുമ്പോൾ ബോധ്യമാകുന്നത്. കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് ജയിൽ ഉപദേശകസമിതികളുടെ ശിപാർശയില്ലാതെ, രാഷ്ട്രീയ സ്വാധീനമുള്ള തടവുകാരുടെ പട്ടിക ജയിൽ ഉദ്യോഗസ്ഥരെക്കൊണ്ട് തയ്യാറാക്കിച്ചു 200 പേർക്ക് കാലാവധി പൂർത്തിയാക്കാതെ ശിക്ഷായിളവ് നൽകാനുള്ള നീക്കം നടത്തിയിരുന്നു. ജയിൽ വകുപ്പിന്റെ ശിപാർശ സർക്കാറിലെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തീരുമാനമെടുക്കാനായില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ശിക്ഷായിളവിനെ അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടറും അന്ന് എതിർക്കുകയും ചെയ്തിരുന്നു.

ജയിൽ ശിക്ഷാ കാലാവധിയിൽ ഇളവ് നൽകുന്നതിൽ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് 2017 ൽ പൂജപ്പുര സെൻട്രൽ ജയിലിലെയും വിയ്യൂർ ജയിലിലെയും മറ്റും തടവുകാർ രംഗത്തു വരികയും നിരാഹര സമരം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ആറ് വർഷം മാത്രം പൂർത്തിയാക്കിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു, രാഷ്ട്രീയക്കാരല്ലാത്ത തടവുകാരോട് 20 വർഷമായി പരോൾ പോലും അനുവദിക്കാതെ വിവേചനം കാട്ടുന്നു, വാർധക്യ സഹജമായ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവർ പോലും 14 വർഷം കഴിഞ്ഞിട്ടും ജയിലിൽ തുടരുന്നു തുടങ്ങിയ പരാതികളാണ് അവർ ഉന്നയിച്ചിരുന്നത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിവേചനമാണ് ജയിൽ പുള്ളികൾക്കിടയിൽ കേരളത്തിൽ നടക്കുന്നതെന്നും മനുഷ്യാവകാശങ്ങൾ ലംഘിച്ചു കൊണ്ടുള്ള ഉദ്യോഗസ്ഥ ഭരണമാണ് അവിടെ നടക്കുന്നതെന്നും ഇവർ ആരോപിക്കുകയുണ്ടായി.
209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് കഴിഞ്ഞ വർഷം ജനുവരിയിൽ ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. മഹാത്മാഗാന്ധിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് 10 വർഷം ശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനപ്രകാരമാണ് അന്നു സംസ്ഥാന ജയിൽ വകുപ്പ് ഇത്രയും പേരെ വിട്ടയക്കാൻ തീരുമാനിച്ചത്. പിന്നീട് ഇതുസംബന്ധിച്ചു പരാതി ഉയർന്നതോടെ നടത്തിയ അന്വേഷണത്തിൽ ഇളവ് ലഭിച്ചവരിൽ പലരും 10 വർഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്നും ഈ കാലാവധി പൂർത്തിയാക്കിയവർ 105 പേർ മാത്രമാണെന്നും കണ്ടെത്തി. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാനും ഇളവ് ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും സ്വഭാവവും കണക്കിലെടുത്ത് ആവശ്യമെങ്കിൽ വീണ്ടും ജയിലിലേക്ക് മടക്കി അയക്കാനും ഹൈക്കോടതി ഉത്തരവിട്ടത്.
കുറ്റകൃത്യങ്ങൾക്ക് ജയിൽ തടവ് വിധിക്കുന്നത് കേവലം ശിക്ഷയെന്ന അടിസ്ഥാനത്തിൽ മാത്രമല്ല, അവരെ സംസ്‌കരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്. കുറ്റവാസനകളിൽ നിന്ന് അന്തേവാസികളെ മോചിപ്പിക്കാനും സ്വഭാവത്തിൽ ഗുണപരമായ മാറ്റം വരുത്താനും സഹായകമായിരിക്കണം ജയിൽ വാസം. കാലാവധിക്കുമുമ്പേ അവരെ വിട്ടയക്കുന്നതിൽ ഒന്നാമത്തെ പരിഗണന തടവ് കാലത്തെ ജയിൽ അന്തേവാസികളുടെ നല്ലനടപ്പായി പരിഗണിച്ചതിന്റെ അടിസ്ഥാനവും ഇതാണ്.

[irp]

എന്നാൽ ഇന്ന് തടവുകാരെ നല്ല നടപ്പുകാരാക്കി മാറ്റുന്നതിലുപരി അവരുടെ കുറ്റകൃത്യ വാസന വളർത്തുന്നതാണ് ജയിലിലെ അന്തരീക്ഷം. ഭരിക്കുന്ന പാർട്ടിയുടെ ആളുകൾക്ക് പലപ്പോഴും സ്വന്തം വീട്ടിലെ ജീവിതത്തേക്കാൾ സുഖകരമാണ് ജിയിൽവാസം. ഇതിനിടെ ഒരു പ്രമുഖ രാഷ്ട്രീയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയ ഗുണ്ടക്ക് അഞ്ച് പേരെ താമസിപ്പിക്കാവുന്ന ഒരു സെല്ലിൽ ഒറ്റക്ക് താമസം, പ്രത്യേകം തയ്യാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം, വിദേശമദ്യം, പുറത്തേക്ക് ഫോൺ ചെയ്യാനുള്ള സൗകര്യങ്ങൾ തുടങ്ങി രാജകീയ സൗകര്യങ്ങളായിരുന്നു നൽകിയിരുന്നത്. ഈ സൗകര്യം ഉപയോഗിച്ച് ഇയാൾ ജയിലിനുള്ളിലിരുന്ന് ക്വട്ടേഷനും കുറ്റകൃത്യങ്ങളും ആസൂത്രണം ചെയ്യുന്നതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇത് ജയിൽശിക്ഷയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ്. ഇവിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശങ്ങൾ പ്രസക്തമാകുന്നത്.

Latest