Connect with us

Ongoing News

വനിതാ ടി20 ലോകകപ്പ്: അടിതെറ്റി ഇന്ത്യ; ആസ്ത്രേലിയക്ക് അഞ്ചാം കിരീടം

Published

|

Last Updated

മെൽബൺ (ആസ്്ത്രേലിയ) | ഉദ്ഘാടന മത്സരത്തിൽ 17 റൺസിന് തോൽപ്പിച്ച ഇന്ത്യയോട് മെൽബണിലെ കലാശപ്പോരിൽ ആസ്ത്രേലിയൻ പെൺപടയുടെ പ്രതികാരം. വനിതാ ട്വന്റി 20 ലോകകപ്പിൽ കന്നിക്കിരീട മോഹവുമായി തങ്ങളുടെ നാട്ടിലെത്തിയെ ഇന്ത്യയെ ഫൈനലിൽ 85 റൺസിന് തോൽപ്പിച്ച് ആസ്ത്രേലിയ വനിതകളുടെ കുട്ടിക്രിക്കറ്റ് ലോകകപ്പ് നിലനിർത്തി. ആകെ നടന്ന ഏഴ് ലോകകപ്പുകളിൽ അഞ്ച് തവണയും കംഗാരുപ്പടക്ക് തന്നെയാണ് കിരീടം നേട്ടം.

ഫൈനലിൽ ആതിഥേയരുയർത്തിയ 185 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഇന്ത്യക്കായില്ല. ഇരുപതോവർ പൂർത്തിയാക്കാൻ പോലും കഴിയാതെ വന്ന ഇന്ത്യ 99 റൺസിന് പുറത്താവുക കൂടി ചെയ്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റാരാധകർക്ക് നിരാശരാവേണ്ടി വന്നു. ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ചായിരുന്നു ഹർമൻ പ്രീത് കൗർ നയിച്ച ഇന്ത്യൻ ടീം ഫൈനലിലേക്കെത്തിയത്. ആദ്യമായി ഫൈനലിലെത്തിയ ടീം എന്ന നിലയിൽ തലയുയർത്തി തന്നെയാണ് രണ്ടാം സ്ഥാനക്കാരായ ഇന്ത്യൻ ടീമിന്റെ മടക്കം. വെറും നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ആസ്ത്രേലിയ 184 റൺസ് നേടിയത്. ഓപണർമാരായ അലീസ ഹീലി (75), ബെത്ത് മൂൺ(78) എന്നിവർ അർധ സെഞ്ചുറി നേടി.

കളി മറന്ന് ഇന്ത്യ

ആസ്ത്രേലിയയുടെ 184 റൺസ് പിന്തുടർന്ന ഇന്ത്യൻ ബാറ്റിംഗിന്  തുടക്കം തന്നെ താളം കണ്ടെത്താനായില്ല. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായി. പിന്നീട് പിന്നാലെയിത്തിയവർക്കെല്ലാം നിരാശരായി തന്നെ മടങ്ങേണ്ടി വന്നു. ഇതിനിടെ താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന കലശലായതോടെ ക്രീസ് വിടുകയായിരുന്നു.  11 റൺസ് നേടി സ്മൃതി മന്ദാന കൂടി മടങ്ങിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.  35 പന്തിൽ 33 നേടിയ ദീപ്തി ശർമ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബെത് മൂണിയുടെ മികച്ച ക്യാച്ചിനു പിന്നാലെ ആസ്ത്രേലിയ ആഘോഷം തുടങ്ങി. ദീപ്തിയുടെ വിക്കറ്റിനു ശേഷം ഓസീസ് ഫീൽഡിംഗ് മികവിൽ വരിവരിയായി ഇന്ത്യൻ ബാറ്റ്സ്മാൻമാർ മുട്ടുമടക്കി. ഓസീസിനായി മേഗന്‍ ഷുട്ട് നാലും ജെസ്സ് ജൊനാസ്സന്‍ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ഹീലി-മൂണി വിജയം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ത്രേലിയക്ക് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്.  അലീസ ഹീലി (75) യുടെയും ബെത്ത് മൂണി(78)യും മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തത്. അലീസ ഹീലിയാണ് ഫൈനലിലെ താരം. ആസ്ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയാണ് ഹീലി.  ബെത്ത് മൂണിയെയാണ് ഈ ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തത്.

---- facebook comment plugin here -----

Latest