Connect with us

National

തദ്ദേശ തിരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക; ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

തിരഞ്ഞടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതി നടത്തിയ ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും കമ്മിഷണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു. കേസിലെ കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മറ്റു കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിനായി 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാം എന്നായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും നിലപാട്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് യുഡിഎഫ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമീപകാലത്താണ് കഴിഞ്ഞതെന്നും ഈ പട്ടിക ഉപയോഗിക്കുകയാണ് വേണ്ടതെന്നും മറിച്ച് 2015ലെ പട്ടിക പുതുക്കുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നുമായിരുന്നു യുഡിഎഫിന്റെ വാദം. യുഡിഎഫിന്റെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി 2019ലെ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു

Latest