Connect with us

Covid19

നിയന്ത്രിക്കാനാകാതെ കൊറോണ, ലോകം ഭീതിയിൽ

Published

|

Last Updated

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി പകർച്ച വ്യാധികൾ പിടിപെടാറുണ്ട്. ദിവസങ്ങൾക്കകമോ ആഴ്ചകൾക്കകമോ അത് നിയന്ത്രണ വിധേയമാകുകയും ചെയ്യും. എന്നാൽ മാസങ്ങൾക്ക് മുമ്പ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് (കൊവിഡ് 19) ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്ന് മാത്രമല്ല, രാജ്യാതിർത്തികൾ കടന്ന് ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കയണ്. 82 രാജ്യങ്ങളിൽ ഇതിനോടകം വൈറസ് വ്യാപിച്ചു കഴിഞ്ഞു. രോഗ ബാധിതരുടെ എണ്ണം 80,270 കവിഞ്ഞു. 3000ത്തോളം പേർ മരണപ്പെട്ടു. 2002-03 കാലത്ത് ബാധിച്ച സാർസിനോളം മാരകമല്ല കൊറോണയെന്നായിരുന്നു തുടക്കത്തിൽ ആരോഗ്യ- ശാസ്ത്ര വിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ സാർസിനേക്കാൾ വേഗത്തിലാണിപ്പോൾ കൊറോണ വ്യാപിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മുൻകരുതൽ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമുണ്ട് കൊറോണ ബാധ. രാജ്യത്ത് ഇതിനകം 30 പേർക്ക് കൊറോണ ബാധിച്ചുകഴിഞ്ഞു. ഇറ്റലിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് ഇവരിൽ 16 പേർ. ബുധനാഴ്ച മാത്രം പുതുതായി 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തുള്ള 17 ഇന്ത്യക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. പുറത്തുനിന്ന് ഇന്ത്യയിലെത്തുന്നവരെ പരിശോധനക്ക്് വിധേയമാക്കിയ ശേഷമേ ഇപ്പോൾ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. കേരളത്തിലെ വിമാനത്താവളങ്ങളിൽ കേന്ദ്ര ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ വിഭാഗം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. എങ്കിലും ഇവിടെ രോഗം ബാധിച്ച മൂന്ന് പേർക്കും പൂർണമായും സുഖപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. എന്നാലും സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ രക്ത സാന്പിളുകൾ എൻ ഐ വിയിൽ പരിശോധക്ക് അയച്ചിട്ടുമുണ്ട്. ഇതിൽ 51 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി പറയുന്നു.

കൊറോണയുടെ വ്യാപനം ആരോഗ്യ രംഗത്തെ മാത്രമല്ല, ആഗോള തലത്തിൽ തന്നെ സാമ്പത്തികം- വിദ്യാഭ്യാസം- ടൂറിസം- തൊഴിൽ- ആഘോഷങ്ങൾ- മതപരമായ ചടങ്ങുകൾ തുടങ്ങി വിവിധ മേഖലകളെ വലിയതോതിൽ ബാധിച്ചിട്ടുണ്ട്. ചില കൊറോണ ബാധിത രാജ്യങ്ങളിൽ രോഗബാധ ഭയന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യു എ ഇ യിൽ മാർച്ച് എട്ട് മുതൽ ഒരു മാസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. രോഗം വൻനാശനഷ്ടങ്ങൾ വരുത്തിയ ചൈനയിൽ രോഗബാധിത മേഖലകളിൽ പഠനങ്ങളെല്ലാം ഓൺലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യയിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് മുഖാവരണത്തിന് കർശന വിലക്കേർപ്പെടുത്തിയിരുന്ന സി ബി എസ് ഇ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ മുഖാവരണം ധരിക്കാൻ അനുമതി നൽകിയിരിക്കുകയാണ്.

മിക്ക ഗൾഫ് രാജ്യങ്ങളിലും വിമാന സർവീസുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരടക്കം പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്കുള്ള പ്രവേശനത്തിന്് കൊറോണ വൈറസ് ബാധയില്ലെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ യാത്രയെ ബാധിക്കും.
സാധാരണഗതിയിൽ അവധിക്ക് നാട്ടിലേക്ക് കുടുംബവുമായി പോകാറുള്ള പ്രവാസികൾ ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നാട്ടിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നീട് തിരിച്ചുവരാൻ പ്രയാസങ്ങളുണ്ടാകുമോ എന്ന ആശങ്കയാൽ യാത്ര വേണ്ടെന്ന് വെക്കുകയണ് പലരും. ഖത്വറിൽ നടക്കാനിരിക്കുന്ന വിവിധ അന്താരാഷ്ട്ര മേളകൾ റദ്ദാക്കിയിട്ടുണ്ട്. സഊദി അറേബ്യ ഉംറ തീർഥാടനം താത്കാലികമായി നിർത്തിവെച്ചു. നേരത്തേ, വിദേശത്തുനിന്നുള്ള ഉംറ തീർഥാടകർക്കായിരുന്നു വിലക്ക്. ബുധനാഴ്ച മുതൽ ആഭ്യന്തര തീർഥാടകർക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നു. വിമാന സർവീസുകൾ വെട്ടിക്കുറച്ചതും യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കേരളത്തിലെ ടൂറിസം മേഖലക്കും തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിദേശ സഞ്ചാരികൾ മാത്രമല്ല, ആഭ്യന്തര സഞ്ചാരികളും കേരളത്തിലക്കുള്ള യാത്ര റദ്ദാക്കുകയാണ്.

രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നുകളൊന്നും നിലവിൽ ലഭ്യമല്ലെന്നതാണ് കൊറോണയുടെ കാര്യത്തിൽ ആരോഗ്യ മേഖല നേരിടുന്ന വലിയ പ്രതിസന്ധി. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷകർ പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ്. രണ്ട് മാസത്തിനകം മരുന്ന് വികസിപ്പിക്കാൻ സാധിക്കുമെന്നാണ് ചൈനയുടെ അവകാശവാദമെങ്കിലും ഒരു വർഷമെങ്കിലുമെടുക്കും അത് വികസിപ്പിച്ചെടുക്കാനെന്നാണ് ഗവേഷകർ പറയുന്നത്. ശാസ്ത്ര- സാങ്കേതിക രംഗത്ത് അത്യപൂർവ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് ലോകമിന്ന്. ഈ മുന്നേറ്റം കണ്ട് തങ്ങൾക്ക് നേടാനാകാത്തതൊന്നുമില്ലെന്ന് ആധുനിക സമൂഹം അഹങ്കരിക്കവെ, ഒന്നൊന്നായി കടന്നു വരുന്ന പുതിയ വൈറസുകളുടെയും രോഗങ്ങളുടെയും മുമ്പിൽ ലോകം നിസ്സഹായരാകുകയാണ്. പുതിയ രോഗങ്ങളുടെ കടന്നുവരവിന് പ്രകൃതിയുടെ സന്തുലിതാവസ്ഥയെയും ആവാസ വ്യവസ്ഥയെയും നിശിപ്പിച്ചുകൊണ്ടുള്ള മനുഷ്യന്റെ തെറ്റായ ജീവിത രീതിക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഗോള താപനത്തിന്റെ അനന്തരഫലമായ എൽനിനോ പോലുള്ള പ്രതിഭാസങ്ങളും വൈറസ് ബാധയും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വളർച്ചയുടെ പരിണതിയാണല്ലോ ആഗോള താപനം. വികസനത്തിന്റെ പേരിൽ പക്ഷികളുടെയും മൃഗങ്ങളുടെയും വാസസ്ഥലങ്ങൾ മനുഷ്യൻ നശിപ്പിച്ചതോടെ ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിൽ അവ നാട്ടിൻ പ്രദേശങ്ങളിലേക്ക് കടന്നുവരാൻ തുടങ്ങിയത് പക്ഷി, മൃഗാദികളിൽ നിന്നുള്ള രോഗപ്പകർച്ചക്കും വഴിവെച്ചു. മനുഷ്യ ജീവിതത്തിൽ അടുക്കും ചിട്ടയും നിയന്ത്രങ്ങളും പാലിക്കുകയും എന്തും വെട്ടിപ്പിടിക്കാനുള്ള ത്വര ഉപേക്ഷിക്കുകയും ചെയ്യുകയെന്നതാണ് ആത്യന്തികമായി ഇത്തരം വൈറസുകളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം.

Latest